കുവൈത്ത് സിറ്റി: രാജ്യത്ത് കൊടും തണുപ്പ്. എതാനും ദിവസങ്ങളായി തുടരുന്ന തണുപ്പ് ഞായറാഴ്ച ശക്തിപ്പെട്ടു. പുലർച്ചെ കുത്തനെ കുറഞ്ഞ താപനില ഉച്ചയോടെ ഉയർന്നെങ്കിലും 15 ഡിഡ്രി സെൽഷ്യസിന് മുകളിലേക്ക് പോയില്ല. രാത്രിയോടെ താപനിലയിൽ വലിയ കുറവുണ്ടാകുകയും തണുപ്പ് ശക്തിപ്പെടുകയും ചെയ്തു. തണുപ്പിനൊപ്പം നേരിയകാറ്റും സജീവമായി. ഞായറാഴ്ച പകൽ ആകാശം മേഘാവൃതമായിരുന്നു.
രാത്രിയിൽ പലതയിടങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെട്ടു. ഇത് ചില പ്രദേശങ്ങളിൽ ദൃശ്യപരത 1,000 മീറ്ററിൽ താഴെയായി കുറയാനിടയാക്കി. വരും ദിവസങ്ങളിലും തണുത്ത കാലാവസ്ഥ തുടരും. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. മണിക്കൂറിൽ ആറു മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ തെക്കുകിഴക്കൻ ദിശയിൽ നിന്ന് കാറ്റ് വീശും. ഒറ്റപ്പെട്ട മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാത്രിയിൽ തണുപ്പിന്റെ തീവ്രത വർധിക്കും.
താപനില ഏകദേശം മൂന്ന് ഡിഗ്രി സെൽഷ്യസിലേക്ക് താഴാനും ചില പ്രദേശങ്ങളിൽ പൂജ്യമോ അതിലും താഴെയോ എത്താനും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. കാർഷിക മേഖലകളിലും മരുഭൂമി പ്രദേശങ്ങളിലും തണുപ്പ് കൂടുതൽ ശക്തമായി അനുഭവപ്പെടും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ തണുപ്പിന്റെ ശക്തി കൂടുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്ത് കൊടും തണുപ്പ് അനുഭവപ്പെടുന്ന ‘ഷബാത്ത്’ സീസണിലാണ് നിലവിൽ രാജ്യം. ശനിയാഴ്ച മുതൽ എട്ട് രാത്രികൾ നീളുന്ന എറ്റവും തീവ്രമായ തണുപ്പിന്റെ ഘട്ടത്തിലേക്കും രാജ്യം പ്രവേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.