കുവൈത്ത് സിറ്റി: വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണമിടപാടുകൾക്ക് നികുതി ഏർപ്പെടുത്തണമെന്ന കരട് നിർദേശം തിങ്കളാഴ്ച പാർലമെൻറിലെ നിയമകാര്യ സമിതി ചർച്ച ചെയ്യും. ബന്ധപ്പെട്ട പാർലമെൻററി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിയമകാര്യ സമിതിക്ക് മുന്നിലെത്തുന്നതിന് മുമ്പേ ഈ വിഷയവുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ് എം.പിമാർ പ്രകടിപ്പിച്ചത്. ഒരു വിഭാഗം എം.പിമാർ നിർദേശത്തെ സ്വാഗതം ചെയ്തു. അതുവഴി 15 ശതകോടി ഡോളറെങ്കിലും പ്രതിവർഷം പൊതുഖജനാവിലേക്ക് എത്തിക്കാൻ സാധിക്കും. എണ്ണയിതര വരുമാനമെന്ന അർഥത്തിൽ ഇതിനെ കണക്കാക്കാം. എണ്ണവില കുറഞ്ഞതിനെ തുടർന്നുണ്ടായ നിലവിലെ സാമ്പത്തിക പ്രതിസന്ധി കുറഞ്ഞ അളവിലെങ്കിലും മറികടക്കാൻ ഇതുവഴി സാധിക്കുമെന്നും ഈ വിഭാഗം അഭിപ്രായപ്പെട്ടു.
അതേസമയം, കുടുംബത്തിന് അന്നം കണ്ടെത്താൻ എത്തിയവരാണ് വിദേശികളെന്നും അവരുടെ പണമിടപാടുകൾക്ക് നികുതി ഏർപ്പെടുത്തുന്നത് അക്രമമാണെന്നുമാണ് ഒരു വിഭാഗം എം.പിമാരുടെ പക്ഷം. നിർദേശം നടപ്പാക്കുന്നത് നേരിട്ടല്ലെങ്കിലും പ്രത്യക്ഷമായി വിദേശികളുടെ പണം കൊള്ളയടിക്കുന്നതിന് സമാനമാണെന്നും ഈ വിഭാഗം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.