കുവൈത്ത് സിറ്റി: ഇന്ത്യയുടെ 77ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുവൈത്തിൽ ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി ഔദ്യോഗിക സ്വീകരണം സംഘടിപ്പിച്ചു. ഇന്ത്യ-കുവൈത്ത് തന്ത്രപരമായ പങ്കാളിത്തത്തിന് തുടർച്ചയായ പിന്തുണ നൽകുന്നതിന് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവരെ അംബാസഡർ നന്ദി അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ചരിത്രത്തിലും വ്യാപാരത്തിലും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിലും വേരൂന്നിയതാണെന്ന് അംബാസഡർ എടുത്തുപറഞ്ഞു. 2024 ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശന വേളയിൽ പങ്കാളിത്തം തന്ത്രപരമായ തലത്തിലേക്ക് ഉയർന്നുവെന്നും ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യൻ സമൂഹത്തിന് കുവൈത്ത് നൽകുന്ന പിന്തുണയെ അംബാസഡർ പ്രശംസിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ജീവനുള്ള പാലമായും പങ്കാളിത്തത്തിന് നിർണായക സംഭാവന നൽകുന്നവരായും അവരെ വിശേഷിപ്പിച്ചു. ചടങ്ങിൽ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രിയും ആക്ടിങ് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ ഡോ. സബീഹ് അൽ മുഖൈസീം മുഖ്യാതിഥിയായി പങ്കെടുത്തു. കുവൈത്തും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള തുടർച്ചയായ സംയുക്ത സഹകരണത്തിന് ശക്തമായ അടിത്തറ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത കുവൈത്ത് ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും പങ്കെടുത്തു.
ഇന്ത്യൻ കമ്പനികളുടെ കുവൈത്തിലെ സാന്നിധ്യവും കുവൈത്ത് നിക്ഷേപകരുടെ ഇന്ത്യയിലെ പദ്ധതികളും ചടങ്ങിൽ ചർച്ചയായി.ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലും സുസ്ഥിര വികസനത്തിലും സഹകരണം തുടരുന്നതായി അംബാസഡർ വ്യക്തമാക്കി. ഇന്ത്യ-കുവൈത്ത് സൗഹൃദം കൂടുതൽ ശക്തമാക്കാനുള്ള പ്രതിബദ്ധതയും ഇരുപക്ഷവും ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.