കുവൈത്ത് സിറ്റി: കുവൈത്ത് ആകാശത്ത് ഇന്നു ഉൽക്കാവർഷം കാണാം. സതേൺ ടൗറിഡ് ഉൽക്കാവർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്ന വ്യാഴാഴ്ച കുവൈത്ത് ആകാശവും ഈ അത്ഭുതകരമായ ജ്യോതിശാസ്ത്ര സംഭവത്തിന് സാക്ഷ്യംവഹിക്കുമെന്ന് കുവൈത്ത് ജ്യോതിശാസ്ത്ര സൊസൈറ്റി അറിയിച്ചു. അർധരാത്രി മുതൽ പുലർച്ച വരെ ഇവ തെളിമയോടെ കാണാം.
സെപ്റ്റംബർ 23 മുതൽ ആരംഭിച്ച് ഡിസംബർ എട്ടു വരെ തുടരുന്ന ഈ പ്രതിഭാസത്തിൽ, സെക്കൻഡിൽ 28 കിലോമീറ്റർ വേഗതയിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഉൽക്കകൾ ഉണ്ടാകും.
മണിക്കൂറിൽ ശരാശരി അഞ്ച് ഉൽക്കകൾ എന്ന നിരക്കിലാണ് ഇവ ഭൂമിയിൽ പതിക്കുക. നഗ്നനേത്രങ്ങൾ കൊണ്ട് ഇവ വ്യക്തമായി കാണാൻ കഴിയുമെന്ന് ബ്രിട്ടീഷ് റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റി അംഗവും അസോസിയേഷന്റെ തലവനുമായ ആദേൽ അൽ സാദൂൺ പറഞ്ഞു.
സതേൺ ടൗറിഡുകൾ, നോർത്തേൺ ടൗറിഡുകൾ എന്നിങ്ങനെ ടൗറിഡ് ഉൽക്കാവർഷം രണ്ട് വിഭാഗങ്ങളുണ്ട്. ഇവ രണ്ടും എല്ലാ വർഷവും ഒരേ കാലയളവിൽ പ്രത്യക്ഷപ്പെടുന്നു. നവംബർ 11ന് സെക്കൻഡിൽ 30 കിലോമീറ്റർ എന്ന വേഗത്തിൽ നോർത്തേൺ ടൗറിഡുകൾ അതിന്റെ ഉച്ചസ്ഥായിയിലെത്തും. മണിക്കൂറിൽ അഞ്ച് ഉൽക്കകളും ഉൽപാദിപ്പിക്കും.
ബഹിരാകാശത്തുനിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുന്ന പാറക്കഷണങ്ങളും തരികളുമാണ് ഉൽക്കകൾ എന്നറിയപ്പെടുന്നത്. ഇതിൽ ഭൂരിപക്ഷവും ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ വായുവുമായുള്ള ഘർഷണം മൂലം ചൂടുപിടിച്ച് അന്തരീക്ഷത്തിൽവെച്ച് കത്തിത്തീരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.