1. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിനൊപ്പം, 2. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിനെ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് ഊഷ്മള സ്വീകരണം. വിമാനത്താവളത്തിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് നേരിട്ടെത്തി ഒമാൻ സുൽത്താനെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചു. തുടർന്ന് ഇരു രാജ്യങ്ങളുടെയും പതാകകളുടെ പശ്ചാത്തലത്തിൽ ഒമാൻ സുൽത്താന്റെ വാഹനവ്യൂഹത്തെ ബയാൻ പാലസിലേക്ക് ആനയിച്ചു. ബയാൻ പാലസിൽ അദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയ്യാൻ പീരങ്കികൾ ഇരുപത്തിയൊന്ന് വെടിയുതിർത്തു. കുതിരപ്പടയാളികളും കുവൈത്ത് പരമ്പരാഗത കലാപരിപാടികളും ഇവിടെ ഒരുക്കിയിരുന്നു.
കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായി സുൽത്താൻ ഹൈതം ബിൻ താരിഖ് ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്താനുള്ള മാർഗങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു. പ്രാദേശിക അന്തർദേശീയ വിഷങ്ങളിലെ വീക്ഷങ്ങളും കൈമാറി. കുവൈത്തും ഒമാനും തമ്മിൽ വിവിധ സഹകരണ കരാറുകളിലും സന്ദർശന വേളയിൽ ഒപ്പുവെച്ചു. ഒമാൻ-കുവൈത്ത് ബിസിനസ് ഫോറം സ്ഥാപിക്കുന്നതിനുൾപ്പെടെ നാല് ധാരണാപത്രങ്ങളിൽ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ ഒപ്പുവെച്ചു. നേരിട്ടുള്ള നിക്ഷേപം, സ്റ്റാൻഡേർഡൈസേഷൻ പ്രവർത്തനങ്ങൾ, നയതന്ത്ര പഠനങ്ങൾ, പരിശീലനം എന്നീ മേഖലകളിൽ ആണ് ധാരണയിലെത്തിയിരിക്കുന്നത്. ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയും തമ്മിലുള്ള ധാരണാപത്രത്തിലും ഒപ്പിട്ടു.
ഒമാൻ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ലഫ്റ്റനൻറ് ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, സ്പെഷ്യൽ ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി പ്രസിഡൻറ് അബ്ദുൽ സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ് എന്നിവരടങ്ങുന്ന പ്രതിനിധി സംഘവും ഒമാൻ സുൽത്താനെ അനുഗമിക്കുന്നുണ്ട്. കുവൈത്തിലെ വിവിധ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചൊവ്വാഴ്ച ഒമാൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.