കുവൈത്ത് സിറ്റി: അപകടങ്ങൾ കുറക്കലും റോഡ് സുരക്ഷയും കണക്കിലെടുത്ത് കർശനമായ വ്യവസ്ഥകളുമായി പുതിയ ട്രാഫിക് നിയമം വരുന്നു.
ട്രാഫിക് നിയമ ലംഘനങ്ങളിൽ പലതിനും നിലവിലുള്ളതിനേക്കാൾ ഇരട്ടി പിഴ ചുമത്തണം എന്ന നിർദേശത്തോടെയാണ് പുതിയ നിയമം. ഫത്വ, നിയമനിർമാണ വകുപ്പ്, പബ്ലിക് പ്രോസിക്യൂഷൻ, സുപ്രീം ജുഡീഷ്യൽ കൗൺസിൽ, പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രി എന്നിവർ ചേർന്ന് പുതിയ നിയമം തയാറാക്കുകയും പൂർണമായി അവലോകനം ചെയ്യുകയും ചെയ്തതായി ട്രാഫിക് ഓപറേഷൻ അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ അൽ ഖദ്ദ പറഞ്ഞു.
പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. അടുത്ത മന്ത്രിസഭ യോഗത്തില്‍ പുതിയ ട്രാഫിക് നിയമം പരിഗണിക്കുമെന്നാണ് സൂചന.
പുതിയ നിയമത്തിലെ ഏറ്റവും കുറഞ്ഞ പിഴ 15 ദീനാറാണ്. നിരോധിത പ്രദേശങ്ങളിലെ പാർക്കിങ് ലംഘന പിഴ വർധിപ്പിച്ചാണ് 15 ആക്കിയത്. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നതിന്റെ പിഴയും ഇരട്ടിയാക്കും.
75 ദീനാർ വരെ ഇതിന് പിഴ ഉയർത്തും. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ പിഴ 10 ദീനാറിൽനിന്ന് 30 ദീനാറായി ഇരട്ടിയാക്കും. അശ്രദ്ധയോടെയുള്ള വാഹനം ഓടിച്ചാലുള്ള പിഴ 30 ദീനാറിൽനിന്ന് 150, ചുവന്ന ട്രാഫിക് ലൈറ്റ് മറികടക്കുന്നതിനുള്ള പിഴ 50 ദീനാറിൽനിന്ന് 150 ദീനാർ എന്നിങ്ങനെ വർധിപ്പിക്കും. പൊതുനിരത്തുകളിൽ ഓട്ടമത്സരം നടത്തുന്നതിനുള്ള പിഴ നിലവിൽ 50 ദീനാറിൽനിന്ന് 150 ദീനാറായി ഭേദഗതി ചെയ്യുന്നതും പുതിയ നിയമത്തിൽ ഉൾപ്പെടുന്നു.
പ്രത്യേക ആവശ്യങ്ങളുള്ള ആളുകൾക്കായുള്ള നിയുക്ത പാർക്കിങ് സ്ഥലങ്ങളിൽ വാഹനം പാർക്കുചെയ്താൽ പിഴ 10ൽനിന്ന് 150 ദീനാറായി വർധിപ്പിക്കും. ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ കനത്ത പിഴയും തടവും ലഭിക്കും.
* അനധികൃത പാർക്കിങ്ങിന് 15 ദീനാർ
* ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ 75 ദീനാർ വരെ
* സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ 30 ദീനാർ
* ചുവന്ന ട്രാഫിക് ലൈറ്റ് മറികടന്നാൽ 150 ദീനാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.