പിടിച്ചെടുത്ത വാഹനങ്ങൾ പൊളിച്ചുനീക്കുന്നു
കുവൈത്ത് സിറ്റി: ഗുരുതര ഗതാഗത നിയമലംഘനങ്ങളിൽ കർശന നടപടികളുമായി ആഭ്യന്തര മന്ത്രാലയം. റോഡിൽ അഭ്യാസ പ്രകടനവും നിയമലംഘനങ്ങളും കണ്ടെത്തിയതിനെ തുടർന്ന് പിടിച്ചെടുത്ത നിരവധി വാഹനങ്ങൾ തകർത്തു.
ഇത്തരം ലംഘനങ്ങൾ കണ്ടെത്തിയ വാഹനങ്ങൾ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ട്രാഫിക് വിഭാഗം ലോഹ പുനരുപയോഗ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. തുടർന്ന് ഇവ ഉപയോഗിക്കാനാകാത്ത വിധത്തിൽ തകർക്കുകയായിരുന്നു. പൊതു സുരക്ഷക്ക് ഭീഷണി ഉയർത്തുന്നതും റോഡ് സുരക്ഷയെ തടസപ്പെടുത്തുന്നതുമായ നടപടികളിൽ ഉറച്ച സമീപനം സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പൊതുജനങ്ങളുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കുക, അപകടകരമായ പെരുമാറ്റം കുറക്കുക എന്നിവയുടെ ഭാഗമായാണ് നടപടി. വാഹനങ്ങളുമായി അപകടകരമായ അഭ്യാസത്തിൽ ഏർപ്പെടുന്ന എല്ലാവർക്കുമെതിരെ നടപടി കടുപ്പിക്കുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
പരിശോധന കാമ്പയിനുകൾ തുടരുമെന്നും ചൂണ്ടിക്കാട്ടി. വാഹനമോടിക്കുന്നവർ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനും സ്വയം സംരക്ഷിക്കാനും ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കാനും ആഭ്യന്തര മന്ത്രാലയം ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.