കുവൈത്ത് സിറ്റി: രാജ്യത്തെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ പ്രവേശിക്കുകയോ വേട്ടയാടുകയോ അലഞ്ഞുതിരിയുകയോ ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ഇത്തരം പ്രവൃത്തികൾ കനത്ത നിയമലംഘനമായി കണക്കാക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ ഉണർത്തി.
സംരക്ഷിത പ്രദേശങ്ങളിൽ അനധികൃത വേട്ടക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾ, ഫാൽക്കണുകൾ, ആയുധങ്ങൾ എന്നിവ പിടിച്ചെടുക്കും. മറ്റു നിയമ നടപടികളും നേരിടേണ്ടിവരും. പരിസ്ഥിതി, വന്യജീവി സംരക്ഷണം എന്നിവയുടെ ഭാഗമായാണ് നടപടി. പരിസ്ഥിതിക്ക് ഭീഷണിയായ എല്ലാ നിയമലംഘനവും കണ്ടെത്തി നടപടി സ്വീകരിക്കും.
പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കാൻ പൗരന്മാരും താമസക്കാരും സഹകരിക്കണം. പൗരന്മാരും താമസക്കാരും നിയമങ്ങളും മാർഗനിർദേശങ്ങളും പൂർണമായും പാലിക്കണമെന്നും സംരക്ഷിത കേന്ദ്രങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു.
സബാഹ് അൽ അഹ്മദ് റിസർവിൽ പെർമിറ്റില്ലാതെ പ്രവേശിച്ചതിനും വന്യജീവികളെ വേട്ടയാടിയതിനും ദിവസങ്ങൾക്കുമുമ്പ് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഫാൽക്കണുകളെ ഉപയോഗിച്ച് വന്യജീവികളെ വേട്ടയാടിയതിനാണ് ഇവരെ പിടികൂടിയത്. പരിസ്ഥിതി സംരക്ഷണ നിയമം പ്രകാരം പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ പ്രതികൂലമായ നടപടികൾ പാടില്ല.
പരിസ്ഥിതി സംരക്ഷണ ശ്രമങ്ങൾ തടസ്സപ്പെടുത്തൽ, ജീവികളെ ഉപദ്രവിക്കൽ, വന്യമൃഗങ്ങളെ വേട്ടയാടുകയോ പിടിക്കുകയോ പിന്തുടരുകയോ ചെയ്യൽ എന്നിവക്ക് കർശന നിരോധനമുണ്ട്. ലംഘനങ്ങൾക്ക് ഒരു വർഷത്തിൽ കൂടാത്ത തടവും 500 ദീനാറിൽ കുറയാത്ത പിഴയും അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഏതെങ്കിലും ഒന്നോ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.