റിയാദിൽ നടന്ന ജി.സി.സി മനുഷ്യാവകാശ സ്ഥാപനങ്ങളുടെ യോഗം
കുവൈത്ത് സിറ്റി: മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ജി.സി.സി രാജ്യങ്ങൾ വലിയ മുന്നേറ്റവും അന്താരാഷ്ട്ര വികസന സൂചകങ്ങളിൽ ഉയർന്ന സ്ഥാനങ്ങളും നേടിയതായി കുവൈത്ത് മനുഷ്യാവകാശ കാര്യ അസി. വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ ജവഹർ ഇബ്രാഹിം അൽ ദുവൈജ്.
റിയാദിൽ നടന്ന മനുഷ്യാവകാശ ചുമതലയുള്ള ജി.സി.സി സർക്കാർ സ്ഥാപനങ്ങളുടെ 19ാമത് യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ശൈഖ ജവഹർ ഇബ്രാഹിം അൽ ദുവൈജ്.
2023-2025ലെ ജി.സി.സി മനുഷ്യാവകാശ തന്ത്രം കൈവരിക്കുന്നതിനും മനുഷ്യാവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും അംഗങ്ങൾക്കിടയിൽ സംയുക്ത സഹകരണവും ഏകോപനവും ഉറപ്പിക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി മേഖലകളിൽ സ്ത്രീ ശാക്തീകരണം, യുവാക്കളെ പിന്തുണക്കൽ, കുട്ടികളുടെ അവകാശങ്ങൾ നിലനിർത്തൽ, വയോജനങ്ങളുടെയും വികലാംഗരുടെയും പങ്ക് പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ ജി.സി.സി രാജ്യങ്ങൾ വ്യക്തമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മേഖലയിലെ രാജ്യങ്ങൾക്ക് പുരോഗതി, സമൃദ്ധി, മികച്ച ജീവിത സാഹചര്യങ്ങൾ എന്നിവ ഉറപ്പാക്കുന്ന തരത്തിൽ, സംയുക്ത ഗൾഫ് നടപടികളിലൂടെ കുവൈത്ത് ജി.സി.സി രാജ്യങ്ങളുമായുള്ള സഹകരണത്തിന്റെയും ഏകോപനത്തിന്റെയും വഴി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.