മസ്കത്ത്: ഗവർണറേറ്റിലെ വിശാലമായ പാരിസ്ഥിതിക, നഗര വികസന ശ്രമങ്ങളുടെ ഭാഗമായി മസീറ ദ്വീപുകളിൽ ഒരു കടലാമ സംരക്ഷണകേന്ദ്രം സ്ഥാപിക്കാൻ തെക്കൻ ശർഖിയ മുനിസിപ്പൽ കൗൺസിൽ. ഡെപ്യൂട്ടി ചെയർമാൻ ജുമാ അബ്ദുല്ല അൽ അറൈമിയുടെ അധ്യക്ഷതയിൽചേർന്ന കൗൺസിൽ യോഗത്തിലാണ് ഈ സംരംഭം ചർച്ചചെയ്തത്. കൗൺസിലിന്റെ ആരോഗ്യ പരിസ്ഥിതികാര്യ സമിതിയുടെ അവതരണത്തിൽ ഒമാന്റെ ദേശീയ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെ ശൃംഖലയിൽ നിർദിഷ്ട സ്ഥലം ഉൾപ്പെടുത്താൻ ശുപാർശ ചെയ്തു.
മസീറ ദ്വീപിനും അതിന്റെ തീരപ്രദേശങ്ങൾക്കുമുള്ള കടലാമകളുടെ എണ്ണം സംരക്ഷിക്കുന്നതിലാണ് റിസർവ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പദ്ധതിയെ പിന്തുണക്കുന്നതിനായി, പാരിസ്ഥിതിക ആവശ്യങ്ങളും സമുദ്രജീവികൾക്കുള്ള ഭീഷണികളും വിലയിരുത്തുന്നതിന് ഒരു സാങ്കേതിക സമിതി രൂപവത്കരിക്കാനും തീരുമാനമായി.
മാലിന്യ സംസ്കരണം മെച്ചപ്പെടുത്തൽ, പ്ലാസ്റ്റിക് ഉപയോഗം കുറക്കൽ, പുനരുപയോഗം പ്രോത്സാഹിപ്പിക്കൽ, അന്താരാഷ്ട്ര സംരക്ഷണ സ്ഥാപനങ്ങളുമായി പ്രവർത്തിക്കൽ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ഒരു തന്ത്രം തയാറാക്കാനും കൗൺസിൽ നിർദേശിച്ചു. പ്രാദേശിക മത്സ്യബന്ധന മേഖലക്കുള്ള അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി സൂർ മത്സ്യബന്ധന തുറമുഖത്ത് ഒരു സംയോജിത മത്സ്യ വിപണി വികസിപ്പിക്കുന്നതുൾപ്പെടെയുള്ള മറ്റു പ്രധാന നിർദേശങ്ങളും കൗൺസിൽ അവലോകനംചെയ്തു.
ആരോഗ്യ സംരക്ഷണ മേഖലയിൽ, ചികിത്സക്കിടെ രോഗികളെ അനുഗമിക്കുന്ന വ്യക്തികൾക്ക് സൂറിൽ താമസ സൗകര്യങ്ങൾ ഒരുക്കാൻ ശ്രമിക്കുന്ന റാഫിഖ് അൽ ഷിഫ (ഹീലിംങ് കമ്പാനിയൻ) സംരംഭം അംഗങ്ങൾ പരിശോധിച്ചു. ഗവർണറേറ്റിലെ വിലായത്തുകളിലുടനീളം വാണിജ്യ ചിഹ്നങ്ങൾ മാനദണ്ഡമാക്കുന്നതിനെക്കുറിച്ച് കൗൺസിൽ ചർച്ച ചെയ്തു. ദൃശ്യ ഐക്യം മെച്ചപ്പെടുത്തുന്നതിനും ടൂറിസത്തെ പിന്തുണക്കുന്നതിനും ഗവർണറേറ്റിന്റെ നഗര ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിനുമായി ഒരു ഏകീകൃത ഡിസൈൻ ചട്ടക്കൂട് അവതരിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.