കുവൈത്ത് സിറ്റി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയുടെ തീവ്ര പരിശോധന (എസ്.ഐ.ആർ)ആരംഭിച്ച പശ്ചാത്തലത്തിൽ സമ്മതിദാനാവകാശം നഷ്ടപ്പെടാതിരിക്കാൻ പ്രവാസികൾ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും മാധ്യമം ഡൽഹി ബ്യുറോ ചീഫുമായ ഹസനുൽ ബന്ന പറഞ്ഞു. ‘എസ്.ഐ.ആറിൽ നാം എന്ത് ചെയ്യണം’ എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിച്ച വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബിഹാറിൽ എസ്.ഐ.ആർ നടപ്പിലാക്കിയതിന്റെ തിക്തഫലങ്ങൾ നമ്മുടെ മുന്നിലുണ്ട്.
എസ്.ഐ.ആർ വഴി സംജാതമാകുന്ന പ്രത്യാഘാതങ്ങളെ രാഷ്ട്രീയമായി നേരിടണം. എസ്.ഐ.ആറിനെ കുറിച്ചുള്ള ആശങ്ക പലരും പങ്കുവെക്കുന്നുണ്ടെങ്കിലും പ്രവാസികളുടെയും കുടുംബങ്ങളുടെയും പേരുകൾ വോട്ടർ പട്ടികയിൽ ഉറപ്പുവരുത്താൻ പ്രക്രിയയെ കുറിച്ച് കൃത്യമായ ബോധമുണ്ടാകുകയും സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം ഉണർത്തി. ജി.സി.സി രാജ്യങ്ങളിൽനിന്നുൾപ്പെടെ അറുനൂറിലധികം പേർ വെബിനാറിൽ പങ്കെടുത്തു. പൗരത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആശങ്കയുയർത്തി പങ്കെടുത്തവരിൽ നിരവധി പേർ ചോദ്യങ്ങൾ ഉന്നയിച്ചു.
ഇവക്ക് ഹസനുൽ ബന്ന മറുപടി നൽകി. പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡൻ്റ് റഫീഖ് ബാബു പൊന്മുണ്ടം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജേഷ് മാത്യു പരിപാടിക്ക് സ്വാഗതവും പ്രോഗ്രാം കൺവീനർ അൻവർ ഷാജി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.