പുരാവസ്തു സംഘം ഫൈലക്ക ദ്വീപിൽ
കുവൈത്ത് സിറ്റി: ചരിത്രത്തിലെ മറ്റൊരു കാലഘട്ടത്തിലേക്കു കൂടി വെളിച്ചം വീശി കുവൈത്തിലെ ഫൈലക്ക ദ്വീപ്. 4,000 വർഷം പഴക്കമുള്ള ദിൽമുൻ നാഗരികതയിലേതെന്ന് കരുതുന്ന വെങ്കലയുഗ ശേഷിപ്പുകൾ ദ്വീപിൽ കണ്ടെത്തിയതായി നാഷനൽ കൗൺസിൽ ഫോർ കൾചർ ആർട്സ് ആൻഡ് ലെറ്റേഴ്സ് (എൻ.സി.സി.എ.എൽ) അറിയിച്ചു.
മോസ്ഗാർഡ് മ്യൂസിയത്തിലെ കുവൈത്ത്-ഡാനിഷ് പുരാവസ്തു സംഘത്തിന്റെതെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ഉത്ഖനന സീസണിൽ ദിൽമുൻ നാഗരികതയിലെ വെങ്കലയുഗ ദേവാലയത്തിന്റെ പൂർണമായ രൂപരേഖ കണ്ടെത്തിയിരുന്നതായി എൻ.സി.സി.എ.എൽ പുരാവസ്തു, മ്യൂസിയം മേഖല ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ റെഡ്ഹ പറഞ്ഞു. ഒരേ സ്ഥലത്ത് രണ്ട് ദേവാലയങ്ങളുടെ സാന്നിധ്യം ഖനനങ്ങൾ സ്ഥിരീകരിച്ചതായും, രണ്ടും ഏകദേശം 4,000 വർഷം പഴക്കമുള്ളതാണെന്നും അദ്ദേഹം വിശദീകരിച്ചു. മുൻ ഉത്ഖനനത്തിൽ ബി.സി 1900 ലെ ഒരു ചെറിയ ദേവാലയ ഭാഗമാണെന്ന് വിശ്വസിക്കപ്പെടുന്ന മതിലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി കുവൈത്തിലെ ഡാനിഷ് മിഷന്റെ തലവനായ ഡോ.സ്റ്റെഫാൻ ലാർസൻ പറഞ്ഞു. ഇതിന് ഏകദേശം 11 മീറ്റർ വലിപ്പമുണ്ട്. ഇത് ഫൈലക്ക ദ്വീപിലെ ദിൽമൻ നാഗരികതയുടെ തുടർച്ചയെ സ്ഥിരീകരിക്കുന്നു.
ഈ സീസണിലെ ഖനനത്തിൽ മുമ്പ് കണ്ടെത്തിയ ദേവാലയത്തിന് താഴെയായി അതിലും പഴയ വെങ്കലയുഗത്തിലെ ഒരു ദേവാലയത്തിന്റെ അടിത്തറ കണ്ടെത്തി. കണ്ടെത്തിയ മുദ്രകൾ, മൺപാത്രങ്ങൾ തുടങ്ങിയ പുരാവസ്തുക്കൾ, ദിൽമുൻ കാലഘട്ടത്തിന്റെ ആദ്യകാലവുമായുള്ള ദേവാലയത്തിന്റെ ബന്ധത്തെ സ്ഥിരീകരിക്കുന്നു. ഇത് ദിൽമുൻ ജനതയുടെ മതപരമായ ആചാരങ്ങളെക്കുറിച്ചുള്ള പ്രധാന ഉൾക്കാഴ്ച നൽകുന്നതുമാണ്. ബി.സി മൂന്നാം സഹസ്രാബ്ദം മുതൽ കിഴക്കൻ അറേബ്യയിലെ പുരാതന സെമിറ്റിക് ഭാഷ സംസാരിക്കുന്ന വിഭാഗമാണ് ദിൽമുൻ. മെസൊപ്പൊട്ടേമിയക്കും സിന്ധുനദീതട നാഗരികതക്കും ഇടയിലുള്ള വ്യാപാര പാതയിൽ, കടലിനോടും ആർട്ടിസിയൻ നീരുറവകളോടും ചേർന്നാണ് ഇവരുടെ താമസമുണ്ടായിരുന്നത് എന്നാണ് അനുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.