വലയിലകപ്പെട്ട സ്രാവുകളെ രക്ഷിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ജലാശയങ്ങളിലെത്തുന്നവർ ശ്രദ്ധിക്കുക. വേനൽക്കാല മാസങ്ങളിൽ ഇവിടെ സ്രാവുകളെ കാണാൻ സാധ്യതയുണ്ട്. ഇതിൽ ഭീതിവേണ്ടെന്നും അവയെ ഉപദ്രവിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുയാണ് കുവൈത്ത് ഡൈവിങ് ടീം. തെറ്റിദ്ധരിക്കപ്പെട്ട ഈ സമുദ്രജീവികൾ മനുഷ്യരിൽനിന്ന് വളരെ വലിയ അപകടമാണ് നേരിടുന്നതെന്നും സൂചിപ്പിച്ചു.
ആഗോളതലത്തിൽ, 400 ലധികം സ്രാവ് സ്പീഷീസുകളുണ്ട്. ഇതിൽ മനുഷ്യർക്ക് യഥാർത്ഥത്തിൽ അപകടകരമാകുന്നത് ‘ഗ്രേറ്റ് വൈറ്റ് ഷാർക്ക്’ എന്ന ഒന്ന് മാത്രമാണ്. കുവൈത്ത് ജലാശയങ്ങളിൽ കാണപ്പെടുന്ന മിക്ക സ്രാവുകളും നിരുപദ്രവകാരികളാണ്. കുവൈത്തിന്റെ 300 വർഷത്തെ ചരിത്രത്തിൽ സ്രാവുകളുമായി ബന്ധപ്പെട്ട രണ്ട് പരിക്കുകൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ എന്നും കുവൈത്ത് ഡൈവ് ടീം ക്യാപ്റ്റൻ വലീദ് അൽ ഫാദേൽ പറഞ്ഞു. സ്രാവുകളെ മാധ്യമങ്ങളിലും കഥകളിലും ഭീകരമായി ചിത്രീകരിക്കുന്നതിനാൽ അവക്ക് വലിയ ചീത്തപ്പേര് നിലനിൽക്കുന്നുണ്ടെന്നും വ്യക്തമാക്കി.
വേനൽക്കാലത്ത് കുവൈത്ത് തീരത്ത് സ്രാവുകളുടെ സാന്നിധ്യം വർധിക്കുന്നത് സ്വാഭാവിക പ്രതിഭാസമാണ്. സ്രാവുകൾ ചൂടുവെള്ളത്തിലേക്ക് ആകർഷിക്കപ്പെടുന്നതാണ് കാരണം. സാധാരണയായി വടക്ക് ഭാഗത്തുള്ള ചളി നിറഞ്ഞ പ്രദേശങ്ങളിലും, തെക്ക് ഭാഗത്തുള്ള പവിഴപ്പുറ്റുകൾക്ക് സമീപവുമാണ് ഇവ കാണപ്പെടുന്നത്. അവിടെയുള്ളവ പൊതുവെ ചെറുതും ആക്രമണാത്മക ഇല്ലാത്തതുമാണ്.
സ്രാവുകളുടെ സാന്നിധ്യം ചില ബീച്ച് സഞ്ചാരികളെ ആശങ്കാകുലരാക്കുമെങ്കിലും മനുഷ്യരാണ് യഥാർത്ഥ ഭീഷണി ഉയർത്തുന്നതെന്നും അൽ ഫാദേൽ പറഞ്ഞു. മനുഷ്യന്റെ ദോഷകരമായ പ്രവർത്തനങ്ങൾ കാരണം ആഗോള സ്രാവുകളുടെ 20 മുതൽ 30 ശതമാനം വരെ ഇല്ലാതായതായി പഠനങ്ങൾ കാണിക്കുന്നു.
സ്രാവുകൾക്കോ മറ്റു സമുദ്ര ജീവികളെയോ ഭക്ഷണം നൽകരുതെന്നും അൽ ഫാദേൽ അഭ്യർത്ഥിച്ചു. ഇത് അവയുടെ സ്വാഭാവിക സ്വഭാവത്തിൽ മാറ്റം വരുത്തുകയും പാരിസ്ഥിതിക പങ്കിനെ ദുർബലപ്പെടുത്തുകയും ചെയ്യും. രോഗികളായതോ പരിക്കേറ്റതോ ആയ മത്സ്യങ്ങളെ ഭക്ഷിച്ചുകൊണ്ട് സ്രാവുകൾ സമുദ്ര പരിസ്ഥിതിയിൽ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു.
സ്രാവുകൾ കൂടുതലായി കാണപ്പെടുന്ന ചളി നിറഞ്ഞ കടൽത്തീരങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് കുവൈത്ത് ഡൈവ് ടീം ആവശ്യപ്പെട്ടു. രക്തത്തിന്റെ ഗന്ധം സ്രാവുകളെ ആകർഷിക്കുമെന്നതിനാൽ മീൻപിടിത്തക്കാർ അവയെ ശരീരത്തിൽ കെട്ടിവെച്ച് കടലിൽ ഇറങ്ങരുത്.
െജല്ലി ഫിഷ്
പ്രാദേശികമായി കാണപ്പെടുന്ന ഈ ഇനങ്ങൾ മാരകമല്ലെങ്കിലും കുത്ത് ഏൽക്കാൻ സാധ്യതയുണ്ട്. ജെല്ലിഫിഷുകളുടെ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ നീന്തുന്നത് ഒഴിവാക്കണമെന്നും ശരീരം മുഴുവൻ മൂടുന്ന ഡൈവിങ് സ്യൂട്ടുകൾ ധരിക്കാനും അൽ ഫാദൽ നിർദേശിച്ചു. മറ്റ് സമുദ്രജീവികൾക്ക് ഭക്ഷണ സ്രോതസ്സായി ജെല്ലിഫിഷ് ഒരു പ്രധാന പാരിസ്ഥിതിക പങ്ക് വഹിക്കുന്നുണ്ടെന്നും ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.