കുവൈത്ത് സിറ്റി: ആരൊക്കെയാകും കുവൈത്തിലെ മികച്ച പാട്ടുകാർ? ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിന് ഒരു ദിവസത്തിന്റെ ദൂരം മാത്രം ബാക്കി. വെള്ളിയാഴ്ച നടക്കുന്ന ഗൾഫ്മാധ്യമം-മെട്രോ മെഡിക്കൽ ‘സിങ് കുവൈത്ത്’ ഫൈനൽ മൽസരം കുവൈത്തിലെ മികച്ച പാട്ടുകാരെ അടയാളപ്പെടുത്തും.
കുവൈത്തിലെ മികച്ച ഗായകർ എന്നതിനൊപ്പം ആകർഷകമായ സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നുണ്ട്. ഒന്നാം സഥാനക്കാർക്ക് പ്രിയ ഗായകർക്കൊപ്പം വേദിയിൽ പാടാനും അവസരം ഉണ്ടാകും.
വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ ഫൈനൽ മൽസരങ്ങൾ ആരംഭിക്കും.
സെമി ഫൈനലിലെ മികച്ച പ്രകടനത്തിന്റെയും സമൂഹമാധ്യമ പിന്തുണയോടെയും തെരഞ്ഞെടുക്കപ്പെട്ട 10 പേരാണ് ഫൈനലിൽ മാറ്റുരക്കുക. സീനിയർ വിഭാഗത്തിൽനിന്ന് അഞ്ചുപേരും ജൂനിയർ വിഭാഗത്തിൽനിന്ന് അഞ്ചു പേരും മികച്ച ഗായകരാകാൻ ലിസ്റ്റിലുണ്ട്.
പ്രശസ്ത ഗായകരായ കണ്ണൂർ ഷരീഫ്, ജ്യോത്സ്ന, സിജു സിയാൻ എന്നിവർ ഫൈനലിലെ വിജയികളെ നിർണയിക്കും. അവതാരക ഡയാന ഹമീദും സന്തോഷത്തിൽ പങ്കുചേരും. ആയിരത്തോളം മൽസരാർഥികളിൽ നിന്ന് അന്തിമ പട്ടികയിൽ എത്തിയ 10 പേരിൽ ഓരോരുത്തരും മികച്ച പാട്ടുകാരാണ്.
അതുകൊണ്ടുതന്നെ ഫൈനൽ മൽസരം കടുത്തതാകും. കൃത്യമായ തെയാറെടുപ്പും പരിശീലനവും നേടിയാണ് മൽസരാർഥികൾ വേദിയിലെത്തുക.
സ്പെഷൽ പെർഫോമൻസ് ആറിന്
വൈവിധ്യമാർന്ന ആലാപനത്തിലൂടെ മലയാളികളുടെ ഇഷ്ടഗായനായി ഇടം പിടിച്ച കണ്ണൂർ ഷരീഫ്, പിന്നണിഗായിക ജ്യോത്സ്ന, സിജു സിയാൻ എന്നിവരുടെ പ്രത്യേക മ്യൂസിക് ഷോയും ‘സിങ് കുവൈത്ത്’ന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വൈകീട്ട് ആറിന് ശബ്ദവും ഭാവവും കൊണ്ട് മലയാളികളുടെ ഇഷ്ട ഗായകരായി അടയാളപ്പെടുത്തപ്പെട്ട ഇവർ വേദിയിലെത്തും. രാത്രി 10വരെ നീളുന്ന പരിപാടിയുടെ പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.