ശൈഖ് നവാഫ് അൽ അഹ്മദ്
അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: വികസനത്തിന് പുതിയ വാതായനങ്ങൾ തുറന്ന ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്ത് അമീറായി അധികാരമേറ്റിട്ട് വെള്ളിയാഴ്ച മൂന്നുവർഷം തികയുന്നു. രാജ്യത്തിന്റെ 16ാമത്തെ അമീറായി, 2020 സെപ്റ്റംബർ 29നാണ് ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് ഭരണത്തിലേറിയത്. 14 വർഷം ഭരിച്ച ശൈഖ് സബാഹ് അഹ്മദ് അൽ ജാബിർ മരണപ്പെട്ടതിനെ തുടർന്നായിരുന്നു സ്ഥാനാരോഹണം. അതുവരെ കിരീടാവകാശിയായിരുന്നു, ശൈഖ് നവാഫ്.
കഠിനാധ്വാനിയും ആകർഷക വ്യക്തിത്വത്തിനും ഉടമയായ ഇദ്ദേഹം, പ്രവർത്തന മേഖലയിലെല്ലാം മികവു തെളിയിച്ചശേഷമാണ് രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് ഉയർന്നത്. 1961ൽ ഹവല്ലി ജില്ലയുടെ ഗവർണറായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. ’78വരെ 17 വർഷം ഗവർണർ പദവിയിൽ തുടർന്നു.
1978ൽ ആഭ്യന്തര മന്ത്രിയായി. ’88ൽ പ്രതിരോധ മന്ത്രി സ്ഥാനം ലഭിച്ചു. ഇറാഖിൽനിന്ന് കുവൈത്തിനെ മോചിപ്പിച്ച ശേഷം, 1991 ഏപ്രിലിൽ രൂപംനൽകിയ പുതിയ സർക്കാറിൽ സാമൂഹിക കാര്യ മന്ത്രിയായി ശൈഖ് നവാഫ് നിയമിതനായി. ’92 ഒക്ടോബർ വരെ ആ സ്ഥാനത്ത് തുടർന്നു. 1994ൽ നാഷനൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫായി ചുമതലയേറ്റു. ആ പദവിയിൽ 2003വരെ തുടർന്നു. ഈ കാലയളവിനിടയിൽ, രാജ്യത്തിന്റെ സമാധാനവും സുസ്ഥിരതയും നിലനിർത്താനായി ഗാർഡുകൾക്ക് മികച്ച പരിശീലനത്തിനും മതിയായ തയാറെടുപ്പുകൾക്കും അവസരം ഒരുക്കി.
2003ൽ ആഭ്യന്തര മന്ത്രി പദവിയിലെത്തി. ഈ പദവിയിലിരിക്കെത്തന്നെ 2006ൽ ശൈഖ് നവാഫിനെ ഒന്നാം ഉപപ്രധാനമന്ത്രി കൂടിയായി നിയോഗിച്ച് അമീർ ശൈഖ് സബാഹ് അഹ്മദ് ഉത്തരവ് പുറപ്പെടുവിച്ചു. പദവി ഏറ്റെടുത്തയുടൻ മുൻഗാമിയുടെ പാത പിന്തുടർന്ന്, ദേശീയ ഐക്യം കാത്തുസൂക്ഷിക്കുന്നതിലും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിലും ശ്രദ്ധേയ ചുവടുവെപ്പുകൾ നടത്തി. അതുപോലെ, ഗൾഫ് രാഷ്ട്രങ്ങളുടെ സഹകരണത്തിനുവേണ്ടിയുള്ള മധ്യവർത്തിയായി നിലകൊള്ളുന്ന തരത്തിലേക്ക് കുവൈത്തിനെ പരിവർത്തിപ്പിച്ചു. 2021ൽ സൗദി അറേബ്യയിൽ സംഘടിപ്പിച്ച ജി.സി.സി ഉച്ചകോടി ഇതിന്റെ മികച്ച പരിച്ഛേദമായി. ഗൾഫ് കൗൺസിൽ അംഗരാജ്യങ്ങളുടെ സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഉച്ചകോടി വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.