കുവൈത്ത് സിറ്റി: ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് വധശിക്ഷ ഉൾപ്പെടെയുള്ള കനത്ത ശിക്ഷകൾ. മയക്കുമരുന്ന് കടത്തുന്നതിനും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനും ചില സാഹചര്യങ്ങളിൽ വധശിക്ഷ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രായപൂർത്തിയാകാത്തവർക്ക് മയക്കുമരുന്ന് നൽകിയാൽ ഇനി മുതൽ വധശിക്ഷ ലഭിച്ചേക്കും. മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് പദാർഥങ്ങൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ ചെയ്യാൻ സംഘടനയോ സംഘമോ സ്ഥാപിക്കുക, സംഘത്തിന്റെ നടത്തിപ്പുകാരനാവുക, മറ്റൊരാളെ മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിക്കുകയോ അവരുടെ അറിവില്ലാതെ ശരീരത്തിൽ പ്രവേശിപ്പിച്ച് അത് മരണത്തിൽ കലാശിക്കുകയോ ചെയ്യുക, മറ്റൊരാളുടെ കൈവശം മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച് കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുക, തത്ഫലമായി ഇര കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ട് ശിക്ഷിക്കപ്പെടുക, ഒരിക്കൽ ശിക്ഷിക്കപ്പെട്ട വ്യക്തി അതേ കുറ്റം ആവർത്തിക്കുക, കുറ്റം ചെയ്യാൻ പ്രായപൂർത്തിയാകാത്തവർ, മാനസികരോഗമുള്ളവർ എന്നിവരെ ഉപയോഗിക്കുക, കുറ്റകൃത്യം സംഭവിച്ചത് ജയിലുകളിലോ പൊലീസ് സ്റ്റേഷനുകളിലോ പുനരധിവാസ കേന്ദ്രങ്ങളിലോ ലഹരി ചികിത്സാകേന്ദ്രങ്ങളിലോ ആരാധനാലയങ്ങളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സ്പോർട്സ് ക്ലബുകളിലോ ആവുക.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കുറ്റകൃത്യങ്ങൾ ചെയ്യുക തുടങ്ങിയ സാഹചര്യങ്ങളിൽ പ്രതികൾക്കെതിരെ വധശിക്ഷ നടപ്പാക്കുമെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.