സൗദി രാജാവിന്‍െറ സന്ദര്‍ശനം : ബന്ധം കൂടുതല്‍ ഊഷ്മളമാക്കി  കുവൈത്തും സൗദിയും

കുവൈത്ത് സിറ്റി: സൗദി രാജാവിന്‍െറ കുവൈത്ത് സന്ദര്‍ശനം മേഖലയിലെ രാഷ്ട്രീയ സാമ്പത്തിക രംഗത്ത് പ്രതിഫലനം സൃഷ്ടിക്കുമെന്ന് വിലയിരുത്തല്‍. എന്നും പരസ്പര ധാരണയോടെ നീങ്ങുന്ന കുവൈത്തും സൗദിയും സഹകരണം വിപുലപ്പെടുത്താനും പൊതുവായ പ്രശ്നങ്ങളില്‍ യോജിപ്പോടെ കൂടുതല്‍ മുന്നോട്ടുപോവാനും ആലോചിക്കുന്നു. ഈ ദിശയില്‍ കാര്യമായ ചര്‍ച്ചകളും ധാരണകളും ഈ സന്ദര്‍ശനത്തിനിടെ രൂപപ്പെട്ടതായാണ് വിവരം. 
ഏറെക്കാലമായി നിര്‍ത്തിവെച്ച അതിര്‍ത്തി പ്രദേശങ്ങളിലെ സംയുക്ത എണ്ണഖനനം പുനരാരംഭിക്കാന്‍ തീരുമാനിച്ചതാണ് ഏറ്റവും വലിയ കാര്യം. അതേസമയം, മൊത്തത്തില്‍ എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ മൊത്തം ഉല്‍പാദനം നിശ്ചയിച്ചതിലും കൂടാതിരിക്കാന്‍ മറ്റു നടപടികള്‍ സ്വീകരിക്കുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്. എണ്ണ ഉല്‍പാദനവുമായി ബന്ധപ്പെട്ട് എന്തു തീരുമാനമെടുക്കുമ്പോഴും സൗദിയും കുവൈത്തും ഒരുമിച്ച് നില്‍ക്കാനാണ് ധാരണ. മന്ത്രിസഭാ രൂപവത്കരണത്തിന്‍െറ തിരക്കിനിടയിലും ശനിയാഴ്ച സല്‍മാന്‍ രാജാവിനെ യാത്രയാക്കാന്‍ പുതിയ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും വിമാനത്താവളത്തിലത്തെി. യാത്രയാക്കിയ ശേഷം അമീരി വിമാനത്താവളത്തിലെ ടെര്‍മിനലില്‍ വെച്ചാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞയും ആദ്യ മന്ത്രിസഭാ യോഗവും നടന്നത്. ഹ്രസ്വ സന്ദര്‍ശനത്തിനായി കുവൈത്തിലത്തെിയ സല്‍മാന്‍ രാജാവിന് ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ പ്രത്യേക വിമാനത്തില്‍ അമീരി വിമാനത്താവളത്തിലത്തെിയ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെയും ഒൗദ്യോഗിക സംഘത്തെയും അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്‍െറ നേതൃത്വത്തില്‍ ആചാരപരമായ സ്വീകരണമാണ് നല്‍കിയത്. കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, ദേശീയ ഗാര്‍ഡ് മേധാവി ശൈഖ് മിഷ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. 
സൗദി രാജവംശത്തിലെ പ്രമുഖരായ അമീര്‍ ഖാലിദ് ബിന്‍ ഫഹദ് ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് ആലു സഊദ്, അമീര്‍ മന്‍സൂര്‍ ബിന് അബ്ദുല്‍ അസീസ് ആലു സഊദ്, അമീര്‍ മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് ആലു സഊദ്, അമീര്‍ തലാല്‍ ബിന് സഊദ് ബിന്‍ അബ്ദുല്‍ അസീസ് ആലു സഊദ്, അമീര്‍ ഖാലിദ് ബ്നു ബന്ദര്‍ ബ്നു അബ്ദുല്‍ അസീസ് ആലു സഊദ് തുടങ്ങിയ സൗദി രാജ കുടുംബത്തിലെ പ്രമുഖരും വന്‍  ഉദ്യോഗസ്ഥ സംഘവും സല്‍മാന്‍ രാജാവിനെ അനുഗമിച്ചത്തെി. തുറന്ന വാഹനത്തില്‍ അമീറിനോടൊപ്പം ഇരുന്ന രാജാവിനെ ബയാന്‍ പാലസിലത്തെിക്കുകയും  ഇരു രാജ്യങ്ങളുടെയും ദേശീയ പതാകകളേന്തിയ കുതിരപ്പടയാളികളുടെ അകമ്പടിയോടെ പ്രോട്ടോകോള്‍ പ്രകാരമുള്ള സ്വീകരണം നല്‍കുകയുമായിരുന്നു. 21 റൗണ്ട്  നീണ്ട ആചാരവെടിയും  പരമ്പരാഗത കലാപ്രകടനങ്ങളും സ്വീകരണത്തിന് മാറ്റുകൂട്ടി. അടുത്തിടെ മറ്റൊരു ഭരണാധികാരിക്കും നല്‍കിയിട്ടില്ലാത്ത സ്വീകരണമാണ് സല്‍മാന്‍ രാജാവിനായി ഒരുക്കിയത്.
Tags:    
News Summary - Saudi king

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.