കുവൈത്ത് സിറ്റി: വിദേശികൾക്ക് എതിരായി വരുന്ന ചില നിലപാടുകളുടെ പേരിൽ തനിക്ക് വധഭീഷണി നേരിടുന്നതായി സഫ അൽ ഹാഷിം എം.പി ആരോപിച്ചു. ഒരൊറ്റ വിദേശി സമൂഹത്തിൽനിന്ന് മാത്രം തനിക്ക് ഒമ്പതുതവണ ഇ-മെയിലിലൂടെ വധഭീഷണി നേരിട്ടതായി അവർ പറഞ്ഞു. ഏതു വിദേശി സമൂഹമാണെന്ന് അവർ വ്യക്തമാക്കിയില്ല. ഞാനൊരു കുവൈത്ത് പാർലമെൻറ് അംഗമായതിനാലാണ് സ്വദേശികളുടെ താൽപര്യം ഉയർത്തിപ്പിടിച്ച് ജനസംഖ്യാ സന്തുലനം സാധ്യമാക്കണമെന്നും വിദേശികൾക്ക് നൽകുന്ന സേവനങ്ങൾക്ക് ഫീസ് ചുമത്തണമെന്നും പറയുന്നത്. വിദേശികളെ ഒഴിവാക്കി സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിൽ വിവിധ സർക്കാർ ഏജൻസികൾ പരാജയപ്പെടുന്നതായി അവർ ആരോപിച്ചു. മൂന്നുവർഷമായി താൻ മുന്നറിയിപ്പ് നൽകിക്കൊണ്ടിരുന്ന കാര്യങ്ങൾ ഇൗ കോവിഡ് കാലത്ത് കൂടുതൽ വെളിപ്പെട്ടു.
അവിദഗ്ധരായ വിദേശ തൊഴിലാളികളുടെ ആധിക്യം എത്രമാത്രം രാജ്യത്തിന് ബാധ്യതയാവുന്നുവെന്ന് ഇപ്പോൾ വ്യക്തമായി. വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കണമെന്ന ആവശ്യം ഇപ്പോൾ വിവിധ തലങ്ങളിൽനിന്ന് കൂടുതലായി ഉയരുന്നു. ഇൗ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ച് നടപടികളെടുക്കാൻ സർക്കാർ ഏജൻസികൾക്ക് ബാധ്യതയുണ്ടെന്ന് സഫ അൽ ഹാഷിം എം.പി പറഞ്ഞു. വിദേശികൾക്ക് എതിരായ നിലപാടുകൾ ഏറ്റവും രൂക്ഷമായി പറയാറുള്ള പാർലമെൻറ് അംഗമാണ് സഫ അൽ ഹാഷിം. കുവൈത്ത് പാർലമെൻറിലെ ഏക വനിത അംഗം കൂടിയാണ് ഇവർ. വിദേശികൾ ശ്വസിക്കുന്ന വായുവിന് വരെ നികുതി ഇൗടാക്കണമെന്ന് ഒരിക്കൽ ഇവർ പറഞ്ഞത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.