കുവൈത്ത് സിറ്റി: രാജ്യത്ത് റോഡ് അറ്റകുറ്റപ്പണികൾ ആഗസ്റ്റില്‍ ആരംഭിക്കും. റോഡ് നിർമാണമേഖലയിൽ അന്താരാഷ്ട്രതലത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുക. ഗുണമേന്മയും സുതാര്യതയും ഉറപ്പാക്കിയാകും നിർമാണ പ്രവർത്തനങ്ങൾ.
നിർമാണ ജോലികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ആധുനിക ടെസ്റ്റിങ് ലാബുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. ഇവ ജോലിസ്ഥലങ്ങളിൽ നേരിട്ടെത്തി സാമ്പിളെടുത്ത് പരിശോധിക്കും. നിർമാണപ്രവൃത്തികളുടെ ഗുണമേന്മയും സുതാര്യതയും ഉറപ്പാക്കാൻ ലാബിന്റെ പ്രവർത്തനം വഴി കഴിയുമെന്നാണ് പ്രതീക്ഷ.
അസ്ഫാൽറ്റ് പാളികൾ, ബിറ്റുമിൻ കണ്ടന്റ്, റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന മിശ്രിതങ്ങൾ തുടങ്ങിയവയാണ് പരിശോധിക്കുക. ഗുണനിലവാര പരിശോധന ഫലങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റ് വഴി പുറത്തുവിടും. ടെസ്റ്റ് ഫലങ്ങള്‍ പ്രോജക്ട് ഉദ്യോഗസ്ഥർ, സൂപ്പർവൈസർമാർ, കരാറുകാർ എന്നിവര്‍ക്ക് ലഭ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇതോടെ പ്രവൃത്തി നടത്തുമ്പോൾത്തന്നെ ആവശ്യമായ മാറ്റങ്ങൾ വരുത്തി തുടർ നടപടികൾ സ്വീകരിക്കാന്‍ കഴിയും. ഗവൺമെന്റ് സെന്റർ ഫോർ ടെസ്റ്റിങ് ആൻഡ് ക്വാളിറ്റി കൺട്രോൾ രണ്ട് ലബോറട്ടറികൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്.
മൂന്നാമത്തെ ലബോറട്ടറിയുടെ അക്രഡിറ്റേഷൻ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ, നിയമങ്ങള്‍ ലംഘിക്കുന്ന ലബോറട്ടറികളുടെ അംഗീകാരം ഉടന്‍ റദ്ദാക്കുമെന്നും, സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.