മുന്‍ അമീര്‍ ശൈഖ് ജാബിര്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 11 വര്‍ഷം

കുവൈത്ത് സിറ്റി: മുന്‍ കുവൈത്ത് അമീര്‍ ശൈഖ് ജാബിര്‍ അല്‍അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് വിടവാങ്ങിയിട്ട് ഇന്നേക്ക് 11 വര്‍ഷം തികയുന്നു. 2006 ജനുവരി 15നാണ് അദ്ദേഹം മരിച്ചത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട രാഷ്ട്രനായകനായിരുന്നു അദ്ദേഹം. 28 വര്‍ഷത്തോളം രാജ്യത്തെ നയിച്ച ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ആധുനിക കുവൈത്തിന്‍െറ നായകന്‍ എന്ന വിളിപ്പേരിന് എന്തുകൊണ്ടും അര്‍ഹനായിരുന്നു.
കുവൈത്തിനെ മാറുന്ന കാലത്തിനും ലോകത്തിനും അനുസരിച്ച് അഭിവൃദ്ധിയിലേക്ക് നയിക്കുന്നതില്‍ അദ്ദേഹം വിജയം കണ്ടു. കുവൈത്തിന്‍െറ 13ാമത് ഭരണാധികാരിയായിരുന്നു ശൈഖ് ജാബിര്‍. 1962 നവംബര്‍ 11ന് കുവൈത്ത് ഭരണഘടന നിലവില്‍ വന്നതിനുശേഷമുള്ള മൂന്നാമത് അമീറുമായിരുന്നു. ശൈഖ് അബ്ദുല്ല അല്‍ സാലിം അസ്സബാഹിന്‍െറ പിന്തുടര്‍ച്ചക്കാരനായാണ് അദ്ദേഹം കുവൈത്തിന്‍െറ അമരക്കാരനായത്. എല്ലാമേഖലയിലും രാജ്യത്ത് വികസനക്കുതിപ്പ് സാധ്യമാക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ജനങ്ങള്‍ അദ്ദേഹത്തെ ആദരവോടെ ‘അബൂ മുബാറക്’ എന്നുവിളിച്ചു. വിവിധ രാജ്യങ്ങളുമായി ആരോഗ്യകരമായ ഉഭയകക്ഷിബന്ധം നിലനിര്‍ത്താനുള്ള അദ്ദേഹത്തിന്‍െറ പരിശ്രമങ്ങള്‍ ശ്ളാഘനീയമായിരുന്നു. 1990ല്‍ രാജ്യം വൈദേശികാധിപത്യത്തിന് കീഴില്‍ അമര്‍ന്നെങ്കിലും അധികം വൈകാതെ സ്വാതന്ത്ര്യം തിരിച്ചുപിടിച്ച് കരുത്തുറ്റ പരമാധികാര രാജ്യമായി കുവൈത്ത് മാറി. വിമോചന പോരാട്ടങ്ങള്‍ക്ക് ലോകത്തിന്‍െറ പിന്തുണ നേടിയെടുക്കുന്നതില്‍ അമീറിന്‍െറ ഇടപെടലുകള്‍ നിര്‍ണായകമായി. ജി.സി.സി രാജ്യങ്ങളുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകവും നേതൃത്വപരവുമായ പങ്കുവഹിച്ച അദ്ദേഹം അറബ് കൂട്ടായ്മയുടെയും ശക്തനായ വക്താവായിരുന്നു.
എണ്ണക്കൊഴുപ്പിന്‍െറ ബലത്തില്‍ കുവൈത്ത് സമ്പന്നമായപ്പോള്‍ അതിലൊരു വിഹിതം ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ദാരിദ്ര്യവും ദൈന്യതയും അനുഭവിക്കുന്നവര്‍ക്കായി മാറ്റിവെച്ച് ജീവകാരുണ്യമേഖലയിലും അദ്ദേഹത്തിന് കീഴില്‍ കുവൈത്ത് തിളങ്ങിനിന്നു.
ഇവിടെ ജോലിതേടി എത്തിയ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശിസമൂഹത്തോട് അങ്ങേയറ്റം അനുഭാവവും സ്നേഹവും പ്രകടിപ്പിച്ചിരുന്നതായി അക്കാലത്തും ഇവിടെയുണ്ടായിരുന്ന മലയാളികള്‍ ഓര്‍ക്കുന്നു. അക്കാരണം കൊണ്ടുതന്നെ വിയോഗത്തിന് 11 ആണ്ടിനിപ്പുറവും ശൈഖ് ജാബിര്‍ അല്‍അഹ്മദ് അസ്സബാഹ് വിദേശിസമൂഹത്തിന്‍െറ മനസ്സില്‍ നനവുള്ള ഓര്‍മയാണ്.

 

Tags:    
News Summary - Resign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.