കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ ട്രാഫിക് നിയമങ്ങൾ നടപ്പാക്കുന്നതോടെ സ്ഥിരം ഗതാഗത നിയമലംഘകർ കോടതി കയറേണ്ടിവരും. സാധാരണ ഗതിയിലുള്ള പിഴകൾ ജനറൽ ട്രാഫിക് വകുപ്പ് സ്വീകരിക്കുമെന്നും എന്നാൽ നിരവധി ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്ന നിയമലംഘകരെ കോടതിയിലേക്ക് റഫർ ചെയ്യുമെന്നും ജനറൽ ട്രാഫിക് വകുപ്പിലെ ബ്രിഗേഡിയർ മുഹമ്മദ് അൽ സുബ്ഹാൻ വ്യക്തമാക്കി. അൽ-അക്ബർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോടതിയിലേക്ക് റഫർ ചെയ്യുന്ന ഗുരുതര ലംഘനങ്ങൾക്ക് 600 ദീനാർ മുതൽ 1,000 ദീനാർ വരെ പിഴയും ഒന്നുമുതൽ മൂന്നുവർഷം വരെ തടവും ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. റെഡ് സിഗ്നൽ ലംഘനത്തിനുള്ള 150 ദീനാറാണ് പിഴ. എന്നാൽ ഈ കേസ് കോടതിയിലേക്ക് റഫർ ചെയ്താൽ പിഴ 600 ദീനാറിൽ കുറയില്ല. അശ്രദ്ധമായ ഡ്രൈവിങ്, മത്സരയോട്ടം, റെഡ് സിഗ്നൽ ലംഘിക്കൽ, ഹൈവേകളിലോ റിങ് റോഡുകളിലോ എതിർ ദിശയിൽ വാഹനമോടിക്കൽ, 'പിന്നോട്ട്' വാഹനമോടിക്കൽ എന്നിവയാണ് ഗുരുതര ലംഘനങ്ങൾ. ഏപ്രിൽ 22 മുതലാണ് ഗതാഗത നിയമ പരിഷ്കാരം പ്രാബല്യത്തിലാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.