ഓൺലൈൻ പരസ്യങ്ങൾക്ക് നിയന്ത്രണം

കുവൈത്ത് സിറ്റി: ഡിജിറ്റൽ പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ വരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങളും ചിത്രങ്ങളും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നതും ജനങ്ങൾ വഞ്ചിക്കപ്പെടുന്നതും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഇതുസംബന്ധിച്ച മാർഗനിർദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഓൺലൈൻ പരസ്യങ്ങൾ ഉപഭോക്താക്കള്‍ക്കിടയില്‍ സാമ്പത്തികവും സാമൂഹികവുമായി പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് പരാതിയുയര്‍ന്നിരുന്നു. തുടർന്ന് ഇൻഫർമേഷൻ ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് ബിൻ നാജിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഇലക്‌ട്രോണിക് അഡ്വർടൈസിങ് റെഗുലേറ്ററി കമ്മിറ്റി യോഗമാണ് ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഇലക്‌ട്രോണിക് പരസ്യം നിയന്ത്രിക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങള്‍ക്ക് സമിതിയുടെ നേതൃത്വത്തില്‍ ഉടന്‍ രൂപം നല്‍കുമെന്ന് ഇൻഫർമേഷൻ മന്ത്രാലയ വക്താവ് അൻവർ മുറാദ് അറിയിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയം, ഇൻഫർമേഷൻ ടെക്‌നോളജി, ഫത്വ ആൻഡ് ലെജിസ്‌ലേഷൻ, കുവൈത്ത് മുനിസിപ്പാലിറ്റി, ഇലക്‌ട്രോണിക് ക്രൈം ഡിപ്പാർട്മെന്റ്, ഇലക്‌ട്രോണിക് പബ്ലിഷിങ്, മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ അടങ്ങിയതാണ് റെഗുലേറ്ററി കമ്മിറ്റി.

ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങളോ ചിത്രങ്ങളോ പരസ്യങ്ങളില്‍ ഉപയോഗിക്കരുത്. ഓണ്‍ലൈന്‍ സംബന്ധിയായ പരസ്യങ്ങള്‍ നല്‍കുന്നതിനുമുമ്പ് വിശദാംശങ്ങള്‍ സഹിതം കമ്മിറ്റിയില്‍ സമര്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കും ഡിജിറ്റൽ പരസ്യങ്ങള്‍ക്കും റെഗുലേറ്ററി കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.


Tags:    
News Summary - Regulation of online advertising

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.