ഇസ്മായിൽ വള്ളിയോത്ത്

ചുവപ്പും പച്ചയും ചേർന്ന ഹൃദയമിടിപ്പുകൾ...

കായികരംഗത്ത് നാടിന്റെ ആവേശവും അഭിമാനവുമായിരുന്ന എൺപതുകളിലെ ഡയനാമോസ് ക്ലബ്ബും പുതിയ തലമുറയിലെ കായിക സ്വപ്നങ്ങൾക്ക് നിറം പകരുന്ന ഗോൾഡൻ ക്ലബ്ബും കലാ കായിക രംഗത്ത് മാത്രമല്ല, നാടിന്റെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകവും വേദിയുമാണ് കായിക പ്രേമികളുടെ നാടായ വള്ളിയോത്തുകാർക്ക് ഫുട്ബാൾ മൽസരങ്ങൾ എന്നും ലഹരിയാണ്. നാടൻ കാൽപ്പന്തുകളി മുതൽ ലോകകപ്പു ഫുട്ബാളുവരെ ആവേശത്തോടെ കാണുന്ന, വിവരിക്കുന്നവർ നിറഞ്ഞ നാട്. പന്തുകളിയുടെ പഴയ കാല മധുരമുള്ള ഓർമ്മകൾ പങ്കുവെക്കുന്ന മുതിർന്നവരെ കേട്ടിരിക്കൽ പോലും രസമാണ്. കായികരംഗത്ത് നാടിന്റെ ആവേശവും അഭിമാനവുമായിരുന്ന എൺപതുകളിലെ ഡയനാമോസ് ക്ലബ്ബും പുതിയ തലമുറയിലെ കായിക സ്വപ്നങ്ങൾക്ക് നിറം പകരുന്ന ഗോൾഡൻ ക്ലബ്ബും കലാ കായിക രംഗത്ത് മാത്രമല്ല, നാടിന്റെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകവും വേദിയുമാണ്.

ആ നാട്ടിൻപുറത്ത് വിരുന്നെത്തുന്ന ലോക ഫുട്ബാൾ മാമാങ്കം ആളും ആരവവും നിറഞ്ഞാടുന്ന നാടിന്റെ ഒന്നാകെയുള്ള ഉത്സവമായിരുന്നു. ലോകകപ്പിന്റെ ആവേശ സൈറൺ മുഴങ്ങുന്നതിന് മുന്നേ കണക്കുകളും വാദങ്ങളും നിരത്തി കവലകളിൽ ഫുട്ബാൾ പ്രേമികൾ കളം നിറയും...പ്രിയ താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ ഉയർന്നുതുടങ്ങും..ഇഷ്ട രാജ്യങ്ങളുടെ കൊടിതോരണങ്ങളാൽ അലംകൃതമാകും...പിന്നെ, കളിക്കളത്തിൽ പിറക്കാനിരിക്കുന്ന അവിസ്മരണീയമായ മുഹൂർത്തങ്ങൾക്കു വേണ്ടിയുള്ള ആകാക്ഷയോടെയുള്ള കാത്തിരിപ്പിന്റെ നിമിഷങ്ങളാകും.

എല്ലാകാലത്തും പോർച്ചുഗൽ ആണ് എന്റെ ഇഷ്ട ടീം. ഹൃദയം തുടിച്ചിരുന്നത് ചുവപ്പും പച്ചയും കലർന്ന ആ പോർച്ചുഗൽ ജേഴ്സിക്ക് വേണ്ടിയായിരുന്നു. അതിലുപരി,പുറകിൽ 'RONALDO 7' എന്നെഴുതിയ ആ ഏഴാം നമ്പർ മാന്ത്രികന് വേണ്ടിയായിരുന്നു. തോറ്റാലും ജയിച്ചാലും നെഞ്ച് വിരിച്ച് നിൽക്കാൻ പഠിപ്പിച്ചത് റൊണാൾഡോ എന്ന മനുഷ്യന്റെ പോരാട്ടവീര്യമായിരുന്നു. തോൽക്കാൻ മനസ്സില്ലാത്ത അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡ്, ഫ്രീക്കിക്ക് എടുക്കാൻ നിൽക്കുന്ന ആ സിഗ്നേച്ചർ സ്റ്റൈൽ, ഗോളടിച്ച ശേഷമുള്ള ആകാശത്തേക്കുയർന്നുള്ള സെലിബ്രേഷൻ...അത് സ്ക്രീനിൽ കാണുമ്പോഴുണ്ടാവുന്ന ആവേശത്തിന്റെ കടലാരവം വാക്കുകൾക്കപ്പുറമാണ്.

കരിയറിലെ ഏറ്റവും അപൂർവ്വമായൊരു ലോക റെക്കോർഡിന്റെ വക്കിലാണ് അതിവേഗ ഫുട്ബോളിൻ്റെ മാസ്മരിക സൗന്ദര്യം ക്രിസ്റ്റ്യാനോ റൊണാൾഡോ. 2006ൽ പോർച്ചുഗലിനായി ആദ്യ ലോകകപ്പ് കളിക്കുമ്പോൾ 21 വയസ്സായിരുന്നു ക്രിസ്റ്റ്യാനോയ്ക്ക്.41-ാം വയസ്സിലും പ്രായത്തെ തോൽപ്പിക്കുന്ന,കൗമാരക്കാരൻ്റെ വീര്യത്തോടെയാണ് റൊണാൾഡോ ടീമിനൊപ്പം നിറഞ്ഞാടുന്നത്. ഒരൊറ്റ തവണ കൂടി എതിരാളികളുടെ വലകുലുക്കാൻ സി.ആർ 7-ന് സാധിച്ചാൽ, ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരം എന്ന സുവർണ്ണ നേട്ടം റൊണാൾഡോക്ക് സ്വന്തമാകും.

2022-ൽ ഖത്തറിന്റെ മണ്ണിൽ നടന്ന ലോകകപ്പിൽ പ്രീ-ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ കൂറ്റൻ സ്കോറിന് തകർത്ത് പോർച്ചുഗൽ ക്വാർട്ടറിലേക്ക് മുന്നേറിയെങ്കിലും ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയോട് അപ്രതീക്ഷിത തോൽവി വഴങ്ങി കണ്ണീരോടെയാണ് റൊണാൾഡോയും സംഘവും മടങ്ങിയത്. 1966-ൽ കൈവിട്ട സ്വപ്നം, 2006-ൽ വിരൽത്തുമ്പിൽ നിന്ന് വഴുതിപ്പോയ സ്വപ്നം. ഖത്തറിൽ പൊലിഞ്ഞുപോയ ആ ലോകകപ്പ് സ്വപ്‌നം 2026 ൽ അമേരിക്കൻ മണ്ണിൽ കിരീട വിജയത്തോടെ പുതു ചരിത്രം കുറിക്കുന്നത് കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്.

Tags:    
News Summary - Red and green heartbeats...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.