കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ സാധനവില കയറാതിരിക്കാൻ വിപണി നിരീക്ഷണം ശക്തമാക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. സൂപ്പർ മാർക്കറ്റുകളിലും ചെറിയ സ്റ്റോറുകളിലുമെല്ലാം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നിരീക്ഷണത്തിനെത്തും. സഹകരണ സംഘങ്ങളിലെയും പൊതുവിപണിയിലെയും വിൽപന പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പ്രത്യേക യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തി. രാജ്യത്താകമാനം പരിശോധന നടത്താൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്യായമായി വില വർധിപ്പിക്കുന്നുണ്ടോ എന്നും കേടായ സാധനങ്ങൾ വിൽക്കുന്നുണ്ടോ എന്നും ഇൗ സംഘം പരിശോധിക്കും. ക്രമക്കേട് കണ്ടുപിടിച്ചാൽ പിഴ ചുമത്തൽ മുതൽ കട അടപ്പിക്കുന്നതുവരെയുള്ള നടപടികൾ നേരിടേണ്ടി വരും. അത്യാവശ്യ ഉൽപന്നങ്ങളെല്ലാം റമദാന് മുമ്പുതന്നെ വിപണിയിൽ ലഭ്യമാണെന്ന് ഉറപ്പുവരുത്തലും പ്രത്യേകസംഘത്തിെൻറ ചുമതലയിൽപെടും. അമിതവിലയുമായോ മറ്റു ചൂഷണങ്ങളുമായോ ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ വാണിജ്യ മന്ത്രാലയത്തിെൻറ 135 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.