സമ്പൂർണവും നീതിനിഷ്ഠവുമായി വിധി പറയണമെങ്കിൽ കാര്യങ്ങളുടെ എല്ലാ വശങ്ങളെ കുറിച്ചും പൂർണമായ അറിവുവേണം. മനുഷ്യന്റെ അറിവിന് പരിമിതികളുള്ളതുകൊണ്ട് അവന്റെ വിധി പ്രസ്താവത്തിലും കുറവുണ്ടാവും.
തൊണ്ടിമുതലും പ്രകടമായ തെളിവുകളും മുൻനിർത്തി ഒരു വിധിപറയാനൊരുങ്ങുകയായിരുന്നു ഒരിക്കൽ പ്രവാചകൻ. യഥാർഥത്തിൽ കളവുനടത്തിയ ഒരു അൻസാരി കളവ് പിടിക്കപ്പെടുമെന്ന അവസ്ഥയിൽ കളവുമുതൽ അയൽവാസിയായ ജൂതന്റെ വീട്ടിൽ കൊണ്ടുപോയി ഇടുകയായിരുന്നു.
പ്രകടമായ തെളിവിന്റെ അടിസ്ഥാനത്തിലാണെങ്കിലും തെറ്റായ വിധി പറയുമെന്ന ഘട്ടത്തിൽ അല്ലാഹു ഇടപെടുകയും യഥാർഥ കള്ളനെ ചൂണ്ടിക്കാണിച്ചുകൊടുക്കുകയും ചെയ്തു.
അല്ലാഹു നബിയോട് പറഞ്ഞു:
''നാം നിനക്ക് സത്യസന്ദേശവുമായി ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങൾക്കിടയിൽ വിധികൽപിക്കാൻ വേണ്ടിയാണിത്. നീ വഞ്ചകർക്കുവേണ്ടി വാദിക്കുന്നവനാകരുത്''. (വിശുദ്ധ ഖുർആൻ 4:105)
അല്ലാഹു ഇടപെട്ടില്ലെങ്കിൽ ദൈവദൂതന്മാർക്കുപോലും വിധിനിർണയത്തിൽ തെറ്റുപറ്റാൻ സാധ്യതയുണ്ട് എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
തങ്ങളുടെ കൃഷിത്തോട്ടത്തിൽ മറ്റുള്ളവരുടെ ആടുകൾ കയറി നശിപ്പിച്ചു എന്ന പരാതിയിൽ ദാവൂദ് നബി ഒരു വിധി പറഞ്ഞു. എന്നാൽ, ആ വിധിയേക്കാൾ നല്ല മറ്റൊരു
വിധിയാണ് മകനായ സുലൈമാൻ നബി നിർദേശിച്ചത്. മകന്റെ ആ വിധി അംഗീകരിച്ചാണ് പിന്നീട് പിതാവായ ദാവൂദ് നബി വിധി പറഞ്ഞത്. അല്ലാഹു ആ സംഭവം ഓർമപ്പെടുത്തുന്നത് ഇങ്ങനെയാണ്.
''ദാവൂദിന്റെയും സുലൈമാന്റെയും കാര്യം ഓർക്കുക: അവരിരുവരും ഒരു കൃഷിയിടത്തിന്റെ പ്രശ്നത്തിൽ തീർപ്പുകൽപിച്ച കാര്യം. ഒരു കൂട്ടരുടെ ആടുകൾ കൃഷിയിടത്തിൽ കടന്നു വിളതിന്നു. അവരുടെ വിധിക്കു നാം സാക്ഷിയായിരുന്നു.
അന്നേരം സുലൈമാന് നാം കാര്യത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിക്കൊടുത്തു. അവരിരുവർക്കും നാം തത്ത്വബോധവും അറിവും നൽകി''. (വിശുദ്ധ ഖുർആൻ 21:78, 79)
അല്ലാഹുവാണ് യഥാർഥ വിധികർത്താവ്. ''വിധികർത്താക്കളിൽ ഏറ്റവും നല്ല വിധികർത്താവ് അല്ലാഹുവല്ലയോ'' (വിശുദ്ധ ഖുർആൻ 95:8)
ഹുക്മ് എന്നാൽ വിധി എന്നാണർഥം. വിധിക്കുന്നവനാണ് ഹാകിം. ഹകം എന്ന വാക്കിനും ഹകീം എന്നവാക്കിനും വിധികർത്താവ് എന്നുതന്നെയാണ് അർഥം. ഹകീം കാര്യങ്ങൾ സൂക്ഷ്മമായി പഠിച്ച് കൃത്യമായി വിധിപറയുന്നവനാണ്.
വിധിനിർണായവകാശം അല്ലാഹുവിന് മാത്രമേ ഉള്ളൂ എന്നും അല്ലാഹുവിന്റെ വിധിയനുസരിച്ച് വിധിപറയാത്തവൻ അക്രമിയും നിഷേധിയും അധർമിയുമാണെന്നും അല്ലാഹു പറയുന്നു.
''വിധിക്കധികാരം അല്ലാഹുവിന് മാത്രമാണ്. അവനെയല്ലാതെ മറ്റൊന്നിനും കീഴ്പെട്ട് ജീവിക്കരുതെന്ന് അവനാജ്ഞാപിച്ചിരിക്കുന്നു. ഏറ്റവും ശരിയായ ജീവിതക്രമം അതാണ്. എങ്കിലും ഏറെ മനുഷ്യരും അതറിയുന്നില്ല''. (വിശുദ്ധ ഖുർആൻ 12:40)
''ആര് അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവർ തന്നെയാണ് നിഷേധികൾ. ആര് അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധിക്കുന്നില്ലയോ, അവർ തന്നെയാണ് അതിക്രമികൾ. ആര് അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ അവർ തന്നെയാകുന്നു അധർമികൾ'' (വിശുദ്ധ ഖുർആൻ 5:44,45,47)
''കാര്യം ഇതായിരിക്കെ ഞാൻ അല്ലാഹു അല്ലാത്ത മറ്റൊരു വിധി കർത്താവിനെ തേടുകയോ? അവനോ, വിശദവിവരങ്ങളടങ്ങിയ വേദപുസ്തകം നിങ്ങൾക്ക് ഇറക്കിത്തന്നവനാണ്''. (വിശുദ്ധ ഖുർആൻ 6:114)
യുക്തിപൂർവം വിധികൽപിക്കുന്നവൻ എന്ന അർഥത്തിലുള്ള ഹകീം എന്ന അല്ലാഹുവിന്റെ നാമം അസീസ് (പ്രതാപി, അജയ്യൻ), അലീം (എല്ലാം അറിയുന്നവൻ) ഖബീർ (സൂക്ഷ്മമായി അറിയുന്നവൻ) എന്നീ നാമങ്ങളോടൊപ്പം ധാരാളമായി ഖുർആനിൽ വന്നിട്ടുണ്ട്. ശരിയായി വിധി പറയാൻ ശക്തിയും യുക്തിയും അറിവും അനിവാര്യമാണല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.