കുവൈത്ത് സിറ്റി: കാത്തിരിപ്പിനൊടുവിൽ രാജ്യത്ത് മഴയും തണുപ്പും എത്തുന്നു. തിങ്കളാഴ്ച രാവിലെ മുതൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു. വൈകീട്ടോടെ മഴയുടെ ലക്ഷണം പ്രകടമായിരുന്നുവെങ്കിലും എത്തിയില്ല. വ്യാഴാഴ്ചവരെ അസ്ഥിരമായ കാലാവസ്ഥയും ശക്തമായ മഴയും അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
അന്തരീക്ഷത്തിലെയും ഉപരിതലത്തിലെയും മർദത്തിലെ വ്യതിയാനം മഴക്കൊപ്പം ഇടിമിന്നലിനും സാധ്യത സൃഷ്ടിക്കുന്നതായി കാലാവസഥ ഡയറക്ടർ ദറാർ അൽ അലി വ്യക്തമാക്കി. ചൊവ്വാഴ്ച ഇടിയോടുകൂടിയ മഴയും ബുധനാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച രാവിലെ വരെ ചില ഭാഗങ്ങളിൽ കനത്ത മഴയും ഉണ്ടാകാം.
ശക്തമായ മഴ ദൃശ്യപരത കുറക്കും. വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ സൂക്ഷിക്കണം. വ്യാഴാഴ്ച പുലർച്ച ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ശനിയാഴ്ചവരെ ഇടക്കിടെ മഴ തുടരും.
വരും ദിവസങ്ങളിൽ തെക്കുകിഴക്കൻ ദിശയിൽനിന്ന് പതിവായി കാറ്റ് വീശും. ചില സമയങ്ങളിൽ കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥ വിവരങ്ങൾ വകുപ്പിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴി പരിശോധിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
അതേസമയം, കഠിന ശൈത്യകാലത്തിന്റെ ആരംഭത്തിന്റെ തുടക്കമായി പരമ്പരാഗതമായി അറിയപ്പെടുന്ന മുറബ്ബാനിയ്യ കാലഘട്ടം ഈ വർഷം പതിവിലും വൈകിയാണ് ആരംഭിക്കുകയെന്നാണ് സൂചന. ഈ മാസം ആറിന് മുറബ്ബാനിയ്യ ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഡിസംബർ പകുതിയോടെ ഈ കാലയളവ് ആരംഭിക്കുമെന്നാണ് സൂചന.
39 ദിവസം നീണ്ടുനിൽക്കുന്ന മുറബ്ബാനിയ്യ ജനുവരി 15 ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.