കുവൈത്ത് സിറ്റി: രാജ്യത്തെ അന്തരീക്ഷത്തിലെ റേഡിയേഷൻ തോതിൽ മാറ്റമുണ്ടായിട്ടില്ലെന്ന് കുവൈത്ത് നാഷനൽ ഗാർഡ് (കെ.എൻ.ജി). രാജ്യത്തെ റേഡിയോളജിക്കൽ, കെമിക്കൽ സാഹചര്യം 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥിതി സാധാരണവും സുസ്ഥിരവുമാണെന്നും കെ.എൻ.ജി വ്യക്തമാക്കി.
കെ.എൻ.ജിയിലെ ശൈഖ് സാലിം അൽ അലി അസ്സബാഹ് സെന്റർ ഫോർ കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയോളജിക്കൽ മോണിറ്ററിങ്ങിലെ ഓപറേഷൻസ് ആൻഡ് ട്രെയ്നിങ് ചീഫ് കേണൽ ഖാലിദ് ലാമി, ആരോഗ്യ മന്ത്രാലയം പബ്ലിക് ഹെൽത്ത് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. മോന്തർ അൽ ഹസാവി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വിവരണം.
കൂട്ട നശീകരണ ആയുധങ്ങൾക്കെതിരെ പ്രതിരോധ മേഖലയിൽ കെ.എൻ.ജിക്ക് 29 നിരീക്ഷണ കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന റേഡിയോളജിക്കൽ, കെമിക്കൽ മോണിറ്ററിങ് സിസ്റ്റം ഉൾപ്പെടെ അത്യാധുനികവും വികസിതവുമായ സൗകര്യങ്ങളുണ്ട്. കുവൈത്ത് അതിർത്തിയിലും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലും ദ്വീപുകളിലുമായി ഇവ നിലകൊള്ളുന്നു. കുവൈത്തിന്റെ സമുദ്രാതിർത്തികളിൽ 15 സമുദ്ര നിരീക്ഷണ കേന്ദ്രങ്ങളുണ്ട്. വെള്ളത്തിലെയും വായുവിലെയും വികിരണങ്ങളും രാസഘടകങ്ങളും കണ്ടെത്തുന്നതിനുള്ള വിപുലമായ കഴിവുകൾ ഇവക്കുണ്ട്. 2015ൽ ആരംഭിച്ചതുമുതൽ നിരീക്ഷണ സംവിധാനം ജാഗ്രതയോടെ പ്രവർത്തിക്കുന്നതായും ഖാലിദ് ലാമി പറഞ്ഞു.
എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളുന്ന സംയോജിത റേഡിയോളജിക്കൽ മോണിറ്ററിങ് സംവിധാനം രാജ്യത്തുണ്ടെന്നും വിദഗ്ധരായ ന്യൂക്ലിയർ, റേഡിയോളജിക്കൽ സ്റ്റാഫാണ് ഇവയുടെ മേൽനോട്ടം വഹിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. മോന്തർ അൽ ഹസാവി പറഞ്ഞു.
സമുദ്രജലം, മണ്ണ്, വായു എന്നിവയുടെ സുരക്ഷ നിരീക്ഷിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പ്രത്യേക റേഡിയോളജിക്കൽ സ്റ്റാൻഡേർഡൈസേഷൻ ലാബ് നടത്തുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന മരുന്നുകളുടെയും മെഡിക്കൽ ആവശ്യകതകളുടെയും ശേഖരം മന്ത്രാലയത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.