കുവൈത്ത് സിറ്റി: കത്തുന്ന ചൂടിൽ പുറം ജോലിക്കാർക്ക് ആശ്വാസം പകരുന്നതിനായി അനുവദിച്ച ഉച്ചവിശ്രമ കാലാവധി അവസാനിച്ചതോടെ തൊഴിൽ നിയമലംഘനം നടത്തിയവരുടെ കണക്ക് മന്ത്രാലയം പുറത്തുവിട്ടു. 1551 വിദേശി തൊഴിലാളികളാണ് തൊഴില്‍ നിയമത്തിനു വിരുദ്ധമായി വിവിധ സ്ഥലങ്ങളില്‍ ജോലിയിലേർപ്പെട്ടതെന്ന് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. ഉച്ചവിശ്രമം അനുവദിച്ച മൂന്നു മാസങ്ങളിലായി 1507 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും നിമയലംഘകരെ പിടികൂടിയത്. കൂടുതലായി നിർമാണ മേഖലകളിൽതന്നെയാണ് ഇത്തവണയും നിയമലംഘനം ആവർത്തിച്ചത്. തൊഴിലാളികളുടെ അജ്ഞതയെ ചൂഷണംചെയ്ത് കൊടുംവെയിലിൽ ജോലിയെടുപ്പിക്കുകയായിരുന്നു പലയിടങ്ങളിലുമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം കമ്പനികൾക്കെതിരെയും നടപടി സ്വീകരിക്കും.
മുൻ വർഷങ്ങളിലേതുപോലെ ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ മൂന്നു മാസത്തേക്കാണ് മധ്യാഹ്ന ജോലി വിലക്കേർപ്പെടുത്തിയിരുന്നത്. ഈ കാലയളവിൽ രാവിലെ 11 മണി മുതൽ വൈകീട്ട് അഞ്ചുമണിവരെ സൂര്യാതപം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ലെന്നായിരുന്നു ഉത്തരവ്. രാജ്യത്ത് ചൂട് കനക്കുന്ന ഈമാസങ്ങളിൽ തൊഴിലാളികൾക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏർപ്പെടുത്തിയത്. നിയമം പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം കർശനമായി നിരീക്ഷിക്കാനും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും മാൻപവർ അതോറിറ്റി സംവിധാനങ്ങളുമേർപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിലെ പ്രത്യേക സംഘങ്ങൾ പരിശോധനയും നടത്തി.
റോഡ്, നിർമാണ ജോലികളിലേർപ്പെട്ടിരുന്ന തൊഴിലാളികൾക്ക് ഏറെ അനുഗ്രഹമായിരുന്നുവെങ്കിലും പലയിടത്തും തൊഴിലാളികളെ നിർബന്ധിച്ചു ജോലി ചെയ്യിക്കുകയാണെന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. മാത്രമല്ല, നിയമങ്ങളൊന്നും അനുസരിക്കാതെ തൊഴിലാളികളെക്കൊണ്ട് നിരന്തരം ജോലിയെടുപ്പിക്കുന്നതും പലയിടത്തും നിർബാധം തുടരുകയാണെന്നും ആക്ഷേപമുണ്ടായിരുന്നു. ഈ വർഷം ഇതുവരെ 1500ലേറെ പേർ വിശ്രമത്തിന് നിശ്ചയിക്കപ്പെട്ട സമയത്തു ജോലിചെയ്യുന്നതായി കണ്ടെത്തിയിരുന്നു. മാൻപവർ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. സർക്കാർ പദ്ധതികൾ, ഭവനനിർമാണ പദ്ധതികൾ തുടങ്ങിയവയിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. തൊഴിലാളികളുടെ അറിവില്ലായ്മയെ ചൂഷണംചെയ്തുകൊണ്ടായിരുന്നു ഇത്തരത്തിൽ ദ്രോഹനടപടികൾ ആവർത്തിച്ചത്. മനുഷ്യാവകാശ അസോസിയേഷൻ പ്രതിനിധികൾ നടത്തിയ പരിശോധനയിൽ 356 തൊഴിലാളികളും ഉച്ചവിശ്രമ സമയത്ത് ജോലി ചെയ്യുന്നതായി കണ്ടെത്തി. വാട്സ്ആപ്, ഹോട്ട്ലൈൻ വഴി ലഭിച്ച പരാതികളെ തുടർന്നായിരുന്നു പലയിടങ്ങളിലും പരിശോധനയെന്ന് മനുഷ്യാവകാശ അസോസിയേഷൻ അറിയിച്ചു. ഉച്ചവിശ്രമം അനുവദിക്കപ്പെട്ടതാണെന്ന കാര്യം ജോലിക്കാരിൽ പലർക്കും അറിയില്ലായിരുന്നുവെന്നാണ് മനസ്സിലായതെന്നും അസോസിയേഷൻ പറഞ്ഞു.
ഒപ്പം 20ാം നമ്പര്‍ വിസയില്‍ രാജ്യത്തെത്തി കമ്പനികളില്‍ ജോലിചെയ്യുന്ന 110 പേരെ പരിശോധനയില്‍ അധികൃതര്‍ പിടികൂടുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഫാമിലി വിസയിലുള്ള നാലുപേര്‍ക്കെതിരെയാണ് പിഴ ചുമത്തിയത്. 18ാം നമ്പര്‍ വിസയില്‍ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ ജോലിചെയ്യാത്തവരെയും പരിശോധന സംഘം കണ്ടെത്തി.
പണി തുടര്‍ന്നുകൊണ്ടിരിക്കുന്ന കുവൈത്ത് യൂനിവേഴ്സിറ്റി മേഖലകളില്‍നിന്നു നിരവധി പേർക്കെതിരെ പിഴ ചുമത്തിയിട്ടുണ്ട്. വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജലീബ് അല്‍ ശുയൂഖിലെ ഹസാവിയില്‍ തുടര്‍ച്ചയായി വിവിധ വകുപ്പുകള്‍ക്കു കീഴില്‍ പരിശോധന നടത്തിയിരുന്നു. രാജ്യത്തെ കടുത്ത ചൂട് പരിഗണിച്ച് ഏർപ്പെടുത്തിയ ഉച്ചസമയത്തെ പുറംജോലിവിലക്ക് ലംഘിച്ചതിലേറെയും നിർമാണ കമ്പനികളാണ്. കുവൈത്ത് ടൈംസ് സംഘം നടത്തിയ ഫീൽഡ് സന്ദർശനം സംബന്ധിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഹവല്ലിയിൽ അൽ ബഹർ കോംപ്ലക്സിനു സമീപത്തെ കെട്ടിടനിർമാണത്തിൽ നിയമം ലംഘിക്കുന്നതായി കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു.
സാൽമിയയിൽ ഉച്ചക്ക് 12.30നും പൊള്ളുന്ന വെയിലിൽ തുറന്ന സ്ഥലത്ത് തൊഴിലാളികൾ ജോലി ചെയ്തതായി റിപ്പോർട്ടുണ്ട്. ഫോർത് റിങ് റോഡിൽ ഉച്ചക്ക് 1.35നും ഫർവാനിയയിൽ മൂന്നുമണിക്കും ഇത്തരത്തിൽ ജോലി ചെയ്യുന്നതായി കുവൈത്ത് ടൈം സംഘം നടത്തിയ ഫീൽഡ് സന്ദർശനത്തിൽ കണ്ടതായി റിപ്പോർട്ടിൽ പറയുന്നു. നിയമം ലംഘിക്കുന്ന തൊഴിലുടമകളെയും തൊഴിലാളികളെയും കണ്ടെത്തുന്നതിന് മാൻപവർ അതോറിറ്റി പരിശോധന നടത്തുന്നുണ്ട്.
മിന അബ്ദുല്ലയിലെയും ശുവൈഖിലെയും പോലുള്ള വ്യവസായ മേഖല കേന്ദ്രീകരിച്ചാണ് അതോറിറ്റി പ്രധാനമായും പരിശോധന നടത്തിയത്. എന്നാൽ, ജനവാസ മേഖലയിലെ കെട്ടിടനിർമാണത്തിൽ നിയമം ലംഘിക്കുന്നു. ശക്തമായ ചൂടിൽ തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്താണ് അധികൃതർ മധ്യാഹ്ന ജോലിവിലക്ക് നിയമം പ്രാബല്യത്തിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.