മന്ത്രിസഭ അംഗീകാരം നൽകി; ഭീകരത കുറ്റകൃത്യ വിചാരണക്ക് പ്രത്യേക ക്രിമിനൽ കോടതി

കുവൈത്ത് സിറ്റി: രാജ്യ സുരക്ഷയും ഭീകരതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനായി പ്രത്യേക ക്രിമിനൽ കോടതികൾ അനുവദിക്കുന്നതിനുള്ള കരട് ഡിക്രി നിയമത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ബയാൻ പാലസിൽ ചേർന്ന യോഗം അന്തിമ അംഗീകാരത്തിനായി കരട് നിയമം അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് അയച്ചു.

തീവ്രവാദ സംഘത്തെ തകർക്കുന്നതിൽ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസസിന്റെ സമീപകാല വിജയത്തെക്കുറിച്ച് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് മന്ത്രിസഭയിൽ വിശദീകരിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതോ നിയമവിരുദ്ധ സംഘടനകളുമായി സഹകരിക്കുന്നതോ ആയ വ്യക്തികൾക്കോ ​​ഗ്രൂപ്പുകൾക്കോ ​​എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രിസഭ വ്യക്തമാക്കി. രാജ്യത്തിന്റെ നിർണായക അടിസ്ഥാന സൗകര്യങ്ങളെയും സിവിലിയൻ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാനിയൻ അതിക്രമങ്ങളെ മന്ത്രിസഭ ശക്തമായി അപലപിച്ചു.

ആക്രമണത്തെത്തുടർന്നുള്ള പുതിയ സംഭവവികാസങ്ങളും സൈനിക നടപടികളും പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് മന്ത്രിസഭയിൽ വിശദീകരിച്ചു. സിവിൽ പ്രതിരോധ നടപടികൾ സംബന്ധിച്ച വകുപ്പുതല റിപ്പോർട്ടുകൾ മന്ത്രിസഭ സമഗ്രമായി അവലോകനം ചെയ്തു. അടിസ്ഥാന സേവനങ്ങളുടെ തുടർച്ച, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ, ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തൽ എന്നിവ ഉറപ്പാക്കുന്നതിന് എല്ലാ സർക്കാർ ഏജൻസികളും ഉയർന്ന ജാഗ്രത പുലർത്തുന്നതായി മന്ത്രിമാർ അറിയിച്ചു.

കുവൈത്തിനെതിയുള്ള നടപടികളെ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവർക്ക് ലഭിച്ച ഉന്നതതല നയതന്ത്ര ആശയവിനിമയങ്ങളെ കുറിച്ച് മന്ത്രിസഭ വിശദീകരിച്ചു.

ഇറാന്റെ നിരന്തരമായ ആക്രമണത്തെ ചെറുക്കുന്നതിന് വിദേശകാര്യ മന്ത്രാലയം നടത്തുന്ന വിപുലമായ രാഷ്ട്രീയ, നയതന്ത്ര ശ്രമങ്ങൾ, വിദേശത്തുള്ള കുവൈത്തിന്റെ നയതന്ത്ര ദൗത്യങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവയും അവലോകനം ചെയ്തു.

ഇറാൻ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ചു രാജ്യത്തിന്റെ വ്യോമാതിർത്തിയും പ്രദേശവും സംരക്ഷിക്കുന്നതിൽ സായുധ സേനയും സുരക്ഷാ വിഭാഗങ്ങളും നടത്തുന്ന ശ്രമങ്ങളിൽ മന്ത്രിസഭ അഭിമാനം പ്രകടിപ്പിച്ചു. നിലവിലെ പ്രാദേശിക സാഹചര്യങ്ങളിൽ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ സൈനിക, സിവിൽ മേഖലകളുടെയുടെ ശ്രമങ്ങളെ മന്ത്രിസഭ പ്രശംസിച്ചു.

Tags:    
News Summary - Cabinet approves special criminal court to try terror crimes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.