കുവൈത്ത് സിറ്റി: രൂപയുടെ റെക്കോർഡ് തകർച്ചയിൽ വിനിമയ നിരക്കിൽ നേട്ടം കൊയ്ത് കുവൈത്ത് ദീനാർ. വെള്ളിയാഴ്ച രാവിലെ അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 94 ലെത്തി. ചരിത്രത്തിൽ ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും താഴേക്ക് പോകുന്നത്. ഇതോടെ രൂപയുമായുള്ള വിനിമയ നിരക്കിൽ കുവൈത്ത് ദീനാർ ഉയർച്ച രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ഒരു കുവൈത്ത് ദീനാറിന് 304 രൂപക്കു മുകളിൽ എക്സഞ്ചേുകളിൽ രേഖപ്പെടുത്തി. വൈകീട്ടോടെ വീണ്ടും ഉയർന്ന് 306 എന്ന ഏറ്റവും വലിയ ഉയർച്ചയിലെത്തി.
പശ്ചിമേഷ്യയിൽ തുടരുന്ന പ്രതിസന്ധിയാണ് രൂപയുടെ മൂല്യം റെക്കോഡ് തകർച്ചയിൽ എത്താൻ കാരണം. കഴിഞ്ഞ ആഴ്ച രൂപ ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിരക്കായ 93.98 ൽ എത്തിയിരുന്നു. ഫെബ്രുവരി അവസാനത്തോടെ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചശേഷം രൂപയുടെ മൂല്യം ഏകദേശം 3.5 ശതമാനമാണ് ഇടിഞ്ഞത്.
ഒരു മാസത്തോളമായി ഒരു കുവൈത്ത് ദീനാറിന് ശരാശരി 300 രൂപ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇത് 303 രൂപക്ക് മുകളിലേക്ക് ഉയർന്നു. ഇതിൽ നിന്നാണ് 306 ഏറ്റവും ഏറ്റവും വലിയ ഉയർച്ചയിലെത്തിയത്. രൂപയുമായുള്ള വിനിമയ നിരക്കിൽ കുവൈത്ത് ദീനാറിന് സമാനമായി മറ്റു ജി.സി.സി രാജ്യങ്ങളിലെയും കറൻസികളിൽ വെള്ളിയാഴ്ച ഉയർച്ച രേഖപ്പെടുത്തി. ഒരു ഒമാനി റിയാലിന് 245 രൂപയും ബഹ്‌റൈൻ ദീനാർ 250 രൂപക്ക് മുകളിലും, ഖത്തർ റിയാൽ 26 രൂപക്കു മുകളിലും എത്തി. യു.എ.ഇ, സൗദി കറൻസികളും വലിയ ഉയർച്ച രേഖപ്പെടുത്തി.
എണ്ണ വിലയിലെ വർധന തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം ഇനിയും കുറയാൻ സാധ്യതയുണ്ട്. ഇത് രൂപയുമായുള്ള കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്ക് ഇനിയും ഉയർത്താനിടയാക്കും. രൂപക്കെതിരെ കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികൾക്ക് ആശ്വാസമാണ്. നാട്ടിലേക്ക് പണം അയക്കുമ്പോൾ ഉയർന്ന തുക ലഭിക്കും. എന്നാൽ നാട്ടിൽ വസ്തുക്കളുടെ വില ഉയരാൻ രൂപക്ക് തകർച്ച ഇടയാക്കും എന്നത് ആശങ്കസൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.