മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ച് ഖത്തർ

ദോഹ: മേഖലയിൽ തുടർന്നുകൊണ്ടിരിക്കുന്ന സംഘർഷ സാഹചര്യത്തിൽ ഖത്തറിനു നേരെ ഞായറാഴ്ചയും പുലർച്ചെയും മിസൈൽ ആക്രമണം തുടരുകയാണ്. രാജ്യത്തിന് നേരെ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും വിജയകരമായി പ്രതിരോധിച്ചതായും വലിയ നാശനഷ്ടങ്ങളും ജീവഹാനിയും ഒഴിവാക്കാൻ സാധിച്ചതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് മന്ത്രാലയം വിവിരങ്ങൾ പങ്കുവെച്ചത്.

ഖത്തറിനു നേരെ 65 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളുമാണ് ശനിയാഴ്ച രാത്രിവരെ ഇറാൻ തൊടുത്തുവിട്ടത്. ഇതിൽ 63 മിസൈലുകളും 11 ഡ്രോണുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. രണ്ട് മിസൈലുകൾ അൽ ഉദൈദ് വ്യോമതാവളത്തിന് സമീപവും, ഒരു ഡ്രോൺ, റഡാർ സംവിധാനത്തിലും പതിച്ചു. എന്നാൽ, സൈനിക കേന്ദ്രങ്ങളിൽ ആർക്കും പരിക്കേറ്റിട്ടില്ല.

അതേസമയം, മിസൈൽ ആക്രമണങ്ങളിൽ അവശിഷ്ടങ്ങൾ വീണ് എട്ട് പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേർ ചികിത്സയിലാണ്, ആശുപത്രിയിൽ ചികിത്സ തേടിയ മറ്റ് നാലുപേരെ ഡിസ്ചാർജ് ചെയ്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് 114 പരാതികൾ ലഭിച്ചതായി അധികൃതർ വിശദമാക്കി.

സുരക്ഷാ കാരണങ്ങളാൽ ആക്രമണത്തിന്റെ ദൃശ്യങ്ങളോ ചിത്രങ്ങളോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്നും, ഔദ്യോഗിക വാർത്തകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.

എല്ലാ അടിയന്തര വിഭാഗങ്ങളും ഏകോപിതമായി പ്രവർത്തിക്കുന്നുണ്ടെന്നും പൊതുജന സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും നിർദേശങ്ങൾ പാലിക്കണമെന്നും തെറ്റായ വാർത്തകളോ അഭ്യൂഹഹങ്ങളോ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Qatar defends against missile attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.