വിമാനത്താവളത്തിൽ പുതിയ റൺവേ, ആധുനിക കൺട്രോൾ ടവർ ഉദ്ഘാടനത്തിനെത്തിയ
പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹും മന്ത്രിമാരും
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ കൺട്രോൾ ടവറും മൂന്നാമത്തെ റൺവേയും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് ഉദ്ഘാടനം ചെയ്തു.ഇരു പദ്ധതികളുടെയും നടത്തിപ്പ്, സാങ്കേതിക പ്രവർത്തനങ്ങൾ എന്നിവ പ്രധാനമന്ത്രി വിലയിരുത്തി.പുതിയ കൺട്രോൾ ടവറും മൂന്നാം റൺവേയും രാജ്യത്തെ വ്യോമഗതാഗത സംവിധാനത്തിലെ വലിയ മാറ്റത്തെ അടയാളപ്പെടുത്തുന്നു.
രാജ്യത്ത് വ്യോമ, വാണിജ്യ ഗതാഗതം സുഗമമാക്കുന്നതിനും വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും പ്രവർത്തന ശേഷി നവീകരിക്കുന്നതിലും സർക്കാർ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ്, പൊതുമരാമത്ത് മന്ത്രി നൂറ അൽ മഷാൻ, സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ശൈഖ് ഹുമൂദ് മുബാറക് ഹുമൂദ് അസ്സബാഹ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.വലിയ പുതുതലമുറ വിമാനങ്ങൾ ഉൾപ്പെടെ എല്ലാത്തരം വിമാനങ്ങളെയും സ്വീകരിക്കാൻ പര്യാപ്തമാണ് മൂന്നാമത്തെ റൺവേ.
4.58 കിലോമീറ്റർ നീളമുള്ള ഈ റൺവേ ലോകത്തിലെ ഏറ്റവും നീളം കൂടിയ റൺവേകളിൽ ഒന്നാണ്. ഏറ്റവും പുതിയ നാവിഗേഷൻ സാങ്കേതികവിദ്യ കൊണ്ട് സജീകരിച്ചതാണ് പുതിയ കൺട്രോൾ ടവർ. ആധുനിക വ്യോമ നിയന്ത്രണ ഉപകരണങ്ങൾ ഇതിൽ ഉൾകൊള്ളുന്നു. പ്രതിവർഷം 600,000 ലാൻഡിങ്, ടേക്ക്-ഓഫ് പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഇതുവഴി എയർ ട്രാഫിക് കൺട്രോളിന് കഴിയും. മൂന്നാമത്തെ റൺവേ ഒക്ടോബർ 30 ന് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും. കിഴക്കൻ റൺവേയുടെ പുനഃവികസനം നവംബർ 15ഓടെ പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.