കുവൈത്ത് സിറ്റി: ശരീരഭാരം കുറക്കൽ, പ്രമേഹ മരുന്നുകൾ എന്നിവയുടെ അടക്കം 544 മരുന്നുകളുടെ വില കുറച്ച് ആരോഗ്യ മന്ത്രാലയം. കാൻസർ ചികിത്സ, ആൻറിബയോട്ടിക്കുകൾ, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ആസ്ത്മ, സന്ധിവാതം, ചർമ്മരോഗങ്ങൾ, വൻകുടൽ രോഗങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള ബയോളജിക് തെറാപ്പികൾ എന്നിവയുൾപ്പെടെ വിവിധ അവശ്യ മരുന്നുകളുടെ വിലക്കുറവും ഇതിൽ ഉൾപ്പെടുന്നു.
ആരോഗ്യ സംരക്ഷണ ചെലവ് ലഘൂകരിക്കുന്നതിന്റെ ഭാഗമായി നേരത്തെ പുറപ്പെടുവിച്ച മന്ത്രിതല ഉത്തരവിനെത്തുടർന്നാണ് നടപടി. പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള മൗഞ്ചാരോ (ടിർസെപറ്റൈഡ്)കുത്തിവെപ്പിന്റെ വില 30 ശതമാനം കുറച്ചു. ‘വെഗോവി’ യുടെ വില 37.3 ശതമാനം കുറഞ്ഞു. ശരീരഭാരം കുറക്കുന്നതിനുള്ള ‘സാക്സെൻഡ’ യുടെ വില 20.8 ശതമാനവും കുറഞ്ഞു.
ഈ മരുന്നുകളിൽ 144 എണ്ണം ഗൾഫ് മേഖലയിലെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനായി വിപണികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും മന്ത്രാലയം അറിയിച്ചു. ഈ വർഷം ആദ്യത്തിൽ ഏകദേശം 1,188 മരുന്നുകളുടെയും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെയും വില ക്രമീകരണത്തിന് മന്ത്രാലയം അംഗീകാരം നൽകിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.