കുവൈത്ത് സിറ്റി: രാജ്യത്തെ ഭവന റിയൽ എസ്റ്റേറ്റ് രംഗത്ത് 2021നെ അപേക്ഷിച്ച് ഈ വർഷം ആദ്യ പകുതിയിൽ 50 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി കണക്കുകൾ. റിയൽ എസ്റ്റേറ്റ് രംഗത്തെ വിലക്കയറ്റവും രാജ്യത്തെ ക്ലൈന്റുകളുടെ വാങ്ങൽ ശേഷിയും വിതരണവും ആവശ്യവും തമ്മിലുള്ള വലിയ ആനുപാതിക വ്യത്യാസവുമാണ് ഇടിവിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
2021ൽ ഇതേ കാലയളവിൽ 1.40 ബില്യൺ കുവൈത്ത് ദീനാർ മൂല്യമുള്ള 4814 ഇടപാടുകൾ നടന്നിടത്ത് ഈ വർഷം 1.13 ബില്യൺ കുവൈത്ത് ദീനാർ മൂല്യമുള്ള 2470 ഇടപാടുകൾ മാത്രമാണ് നടന്നത്. പ്രാദേശിക റിയൽ എസ്റ്റേറ്റ് വിദഗ്ധനും അബ്റാജ് ബെഹ്ബഹാനി കമ്പനിയുടെ ഡയറക്ടർ ജനറലുമായ അലാ ബെഹ്ബെഹാനി വിഷയത്തെക്കുറിച്ച് പറഞ്ഞത് റിയൽ എസ്റ്റേറ്റ് രംഗത്തെ വിലക്കയറ്റമാണ് മേഖലയിൽ ഇടപാടുകളിൽ ഇടിവ് ഉണ്ടാക്കിയതെന്നാണ്.
യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചത് മറ്റ് രാജ്യങ്ങളെപോലെ കുവൈത്തിനെയും ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെഡറൽ റിസർവിന്റെ തീരുമാനത്തിന്റെ ഫലങ്ങൾ ദേശീയ വിപണിയിൽ ഇപ്പോൾ അനുഭവപ്പെടില്ലെങ്കിലും ഭാവിയിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണം റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്നതിനേക്കാൾ സുരക്ഷിതത്വം ബാങ്കുകളിൽ നിക്ഷേപിക്കുകയാണെന്ന വിശ്വാസം ആളുകൾക്കിടയിൽ ഉണ്ടെന്നും അങ്ങനെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളെക്കാൾ ബാങ്ക് നിക്ഷേപങ്ങൾ ഇന്ന് ആകർഷകമായിരിക്കുകയാണെന്നും ബെഹ്ബഹാനി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.