വാഹന നമ്പർ പ്ലേറ്റ്: സഹൽ ആപ് വഴി അപേക്ഷിക്കാം

കുവൈത്ത് സിറ്റി: വാഹന നമ്പർ പ്ലേറ്റ് നഷ്ടമായാൽ പുതിയത് ലഭിക്കാൻ സഹൽ ആപ്ലിക്കേഷൻ വഴി അപേക്ഷിക്കാൻ വഴിയൊരുങ്ങുന്നു. പുതിയ സേവനം വൈകാതെ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണെന്ന് ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വാഹന ഉടമകൾക്ക് തുടക്കത്തിൽ ട്രാഫിക് ഓഫിസുകൾ സന്ദർശിക്കാതെ തന്നെ മൊബൈൽ ആപ്പിലൂടെ അപേക്ഷ സമർപ്പിക്കാം. ആവശ്യമായ രേഖകൾ പി.ഡി.എഫ് ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യാനും നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫീസ് ആപ്പിലൂടെ തന്നെ അടക്കാനും കഴിയും. അപേക്ഷകൾ പരിശോധിച്ച് അംഗീകാരം നൽകിയ ശേഷം, പുതിയ ലൈസൻസ് പ്ലേറ്റ് എന്ന്, എവിടെ നിന്ന് കൈപ്പറ്റണമെന്ന് വ്യക്തമാക്കുന്ന സന്ദേശം ആപ് വഴി തന്നെ അപേക്ഷകന് ലഭിക്കും. എന്നാൽ, ആപ് വഴിയല്ലാതെ നേരിട്ട് ഓഫിസ് സന്ദർശിച്ചും അപേക്ഷ നൽകാമെന്ന് അധികൃതർ അറിയിച്ചു. ട്രാഫിക് ഓഫിസുകളിലെ തിരക്ക് കുറക്കാനും വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാനുമാണ് ആഭ്യന്തര മന്ത്രാലയം ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നത്.

സർക്കാർ സേവനങ്ങൾ ഡിജിറ്റൽവത്കരിക്കുന്നതിൽ കുവൈത്ത് നടത്തിയ കുതിച്ചുചാട്ടമാണ് സഹൽ ആപ്ലിക്കേഷൻ. സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തി സുരക്ഷിതവും വിശ്വസനീയവുമായ ഡിജിറ്റൽ സേവനങ്ങൾ നൽകുന്നതിൽ ‘സഹൽ’ ആപ് വിജയിച്ചിട്ടുണ്ട്.

Tags:    
News Summary - Vehicle number plate Apply through Sahal app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.