കുവൈത്ത് സിറ്റി: രാജ്യത്ത് ശൈത്യകാല ക്യാമ്പിങ് സീസണ് ഒരുക്കങ്ങൾ തുടങ്ങി. 2025-26 ക്യാമ്പിങ് സീസണിനായി രാജ്യത്ത് 11 ക്യാമ്പ് സൈറ്റുകൾ നിയുക്തമാക്കിയതായി കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
വടക്കൻ മേഖലയിലെ ഏഴ് സ്ഥലങ്ങളും തെക്കൻ മേഖലയിലെ നാല് സ്ഥലങ്ങളുമാണ് കമ്മിറ്റി അംഗീകരിച്ചത്.ക്യാമ്പിങ് പെർമിറ്റുകൾക്കായുള്ള അപേക്ഷകൾ നവംബർ 15 മുതൽ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി സ്വീകരിക്കും. 50 ദീനാർ ലൈസൻസിങ് ഫീസും 100 ദീനാർ റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റും കെനെറ്റ് വഴി അടക്കണം.
അപേക്ഷ പൂർത്തിയാകുമ്പോൾ ‘ഈസി’ പ്രോഗ്രാം വഴി സ്ഥിരീകരണ സന്ദേശങ്ങളും ലൈസൻസ് വിവരങ്ങളും നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. മാർച്ച് 15 വരെയാണ് ക്യാമ്പിങ് സീസൺ. തണുപ്പാസ്വദിച്ചു മരുഭൂമിയിൽ രാപ്പാർക്കൽ അറബികളുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്.
എല്ലാ വർഷവും ക്യാമ്പുകളിൽ നിരവധി പേർ എത്താറുണ്ട്. പലരും കുടുംബത്തോടെ ദിവസങ്ങൾ അവിടെ ചെലവഴിക്കുന്നു. പാചകത്തിനും ദിവസങ്ങൾ താമസിക്കാനുമുള്ള സൗകര്യങ്ങളോടെയും ആകും ക്യാമ്പിൽ എത്തുക. പ്രവാസികളും കുറഞ്ഞദിവസങ്ങളിൽ ഇത്തരം തമ്പുകളിൽ തങ്ങാറുണ്ട്. വിവിധ പരിപാടികളും കൂട്ടായ്മകളും തമ്പുകളിൽ സംഘടിപ്പിക്കുന്നവരും നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.