കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശികളുടെ ജനസംഖ്യയിൽ വർധനയും പ്രവാസി ജനസംഖ്യയിൽ നേരിട കുറവും. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (സി.എസ്.ബി) റിപ്പോർട്ട് പ്രകാരം ഈ വർഷം തുടക്കത്തിൽ കുവൈത്തികളുടെ ജനസംഖ്യ 1.32 ശതമാനം വർധിച്ചു. 2024 ന്റെ തുടക്കത്തിൽ 1,545,781 ആയിരുന്നത് 1,566,168 ആയാണ് വർധിച്ചത്.
അതേസമയം, മൊത്തം ജനസംഖ്യ 0.65 ശതമാനം കുറഞ്ഞു. 2024 ൽ 4,913,271 ആയിരുന്നത് ഈ വർഷം തുടക്കത്തിൽ 4,881,254 ആയി. കുവൈത്ത് ഇതര ജനസംഖ്യയിലും കുറവു വന്നു. 2024ലെ 3,367,490 ൽ നിന്ന് ഈ വർഷത്തിന്റെ തുടക്കത്തിൽ 3,315,086 ആയാണ് കുറഞ്ഞത്. 1.56 ശതമാനമാണ് കുറവുവന്നതെന്ന് സി.എസ്.ബി വെളിപ്പെടുത്തി.
പൊതുസേവനങ്ങൾ, വിദ്യാഭ്യാസം, പൗരന്മാർക്കുള്ള സാമൂഹിക പരിപാടികൾ, സർക്കാർ പിന്തുണയുള്ള നയങ്ങളും കുവൈത്തി ജനസംഖ്യയിലെ ഉയർച്ചക്ക് കാരണമായെന്ന് ചൂണ്ടിക്കാട്ടുന്നു.
തൊഴിൽ വിപണിയിലെ ഏറ്റക്കുറച്ചിലുകൾ, സർക്കാർ നയങ്ങളിലെ മാറ്റങ്ങൾ, സാമ്പത്തിക പരിവർത്തനങ്ങൾ എന്നിവ പ്രവാസികളുടെ എണ്ണത്തില്‍ കുറവുണ്ടായതിന്റെ സൂചകമായി കണക്കാക്കുന്നു. അതേസമയം പ്രവാസികൾ ഇപ്പോഴും രാജ്യത്ത് ഭൂരിപക്ഷമാണ്. ഏകദേശം 68 ശതമാനമാണ് രാജ്യത്തെ പ്രവാസികളുടെ കണക്ക്. കുവൈത്തിലെ ജനസംഖ്യയുടെ ഭൂരിഭാഗവും പുരുഷന്മാരാണ്; ഏകദേശം 61 ശതമാനം. പ്രവാസി തൊഴിലാളി സാന്നിധ്യമാണ് ഇതിന് കാരണം. ജനസംഖ്യയുടെ ഏകദേശം 39 ശതമാനമാണ് സ്ത്രീകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.