കുവൈത്ത് സിറ്റി: ഫിലിപ്പീൻസ് ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ ഫെബ്രുവരി രണ്ടി ന് കുവൈത്ത് സന്ദർശിക്കും. ഗാർഹികത്തൊഴിലാളി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ലേബർ സെക്രട്ടറിയുടെ സന്ദർശനം. കുവൈത്ത് വിദേശകാര്യ മന്ത്രി, തൊഴിൽ മന്ത്രി തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ജീനെലിൻ പഡേണൽ വില്ലാവെൻഡെ എന്ന ഗാർഹികത്തൊഴിലാളി കൊല്ലപ്പെട്ടതിനെ തുടർന്ന് ജനുവരി 15 മുതൽ ഫിലിപ്പീൻസ് കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്തിയിട്ടുണ്ട്.
പുതുതായി ഗാർഹികത്തൊഴിലാളികൾ, കരാർ തൊഴിലാളികൾ, വിദഗ്ധ തൊഴിലാളികൾ, പ്രഫഷനലുകൾ എന്നിവരെ കുവൈത്തിലേക്ക് അയക്കില്ലെന്നായിരുന്നു പ്രഖ്യാപനം. നിലവിൽ കുവൈത്തിൽ ജോലി ചെയ്യുന്ന ഫിലിപ്പീൻസ് തൊഴിലാളികളെ തിരിച്ചുവിളിക്കുന്നില്ല. വിലക്ക് നീക്കാൻ രണ്ടു കാര്യങ്ങളാണ് ഫിലിപ്പീൻസ് പ്രധാനമായി ആവശ്യപ്പെടുന്നത്. കൊല്ലപ്പെട്ട തൊഴിലാളിക്ക് നീതി ലഭിക്കണം എന്നതാണ് ഏറ്റവും പ്രധാന ആവശ്യം. ഫിലിപ്പീൻസ് പ്രസിഡൻറ് നിർദേശിക്കുന്ന വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തി തൊഴിൽ കരാറിൽ ഒപ്പിടണമെന്നാണ് മറ്റൊരു ആവശ്യം. അതിനിടെ ജീനെലിൻ പഡേണൽ വില്ലാവെൻഡെയുടെ കൊലപാതകക്കേസിൽ പ്രതികളായ കുവൈത്തി പ്രതികൾക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തി. ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥനായ സ്വദേശി സ്പോൺസർ തന്നെയാണ് തൊഴിലാളിയെ അവശനിലയിൽ ആശുപത്രിയിലെത്തിച്ചത്. എന്നാൽ, പരിശോധനയിൽ ഇവർക്ക് മർദനമേറ്റതായി കണ്ടെത്തിയതോടെയാണ് പൊലീസ് കേസെടുക്കുകയും വീട്ടുടമസ്ഥരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.