കുവൈത്ത് സിറ്റി: ജി.സി.സി പൗരന്മാർക്കും താമസക്കാർക്കും മാച്ച് ടിക്കറ്റും ഹയ്യാ കാർഡുമില്ലാതെ ഖത്തറിൽ പ്രവേശിക്കാമെന്ന നിർദേശം കുവൈത്തിലുള്ളവർക്കു നൽകുന്നത് വലിയ അവസരം. ഖത്തർ വാതിലുകൾ തുറന്നിട്ടതോടെ ലോകകപ്പ് വേദിയിലെത്താനുള്ള തയാറെടുപ്പിലാണ് കുവൈത്തിലുള്ള സ്വദേശികളും വിദേശികളും.
ലോകകപ്പ് മത്സരങ്ങളുടെ ക്വാർട്ടർ മത്സരങ്ങൾ തുടങ്ങാനിരിക്കെയാണ് ഖത്തറിന്റെ പുതിയ തീരുമാനം. മാച്ച് ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഖത്തറിലെത്താൻ കഴിയാതെ നിരാശരായവർക്ക് ആശ്വാസം പകരുന്നതാണ് ഇത്. നേരത്തേ ഹയ്യാ കാർഡ് കിട്ടാൻ വൈകുന്നത് പലരെയും പ്രതിസന്ധിയിലാക്കിയിരുന്നു. മാച്ച് ടിക്കറ്റും ഹയ്യാ കാർഡും ആവശ്യമില്ല എന്നു വന്നതോടെ ഖത്തറിലെത്താനുള്ള ഒരുക്കത്തിലാണ് കുവൈത്തിലെ നിരവധി മലയാളികൾ. സ്റ്റേഡിയങ്ങളിലെ മത്സരങ്ങൾക്കു പുറമെ വിവിധ ഇടങ്ങളിൽ നടക്കുന്ന, ലോകകപ്പിന്റെ ആഘോഷങ്ങൾ അനുഭവിച്ചറിയാം എന്നതും ഫുട്ബാൾ ആരാധകരെ ഖത്തറിലേക്ക് അടുപ്പിക്കുന്നു.
മത്സര ടിക്കറ്റില്ലെങ്കിലും ഖത്തറിലെ ഫാൻ ഫെസ്റ്റ് ഉൾപ്പെടെയുള്ള ആഘോഷങ്ങൾ കാണാം എന്ന ആവേശത്തിലാണ് പലരും. ഇത്ര അടുത്ത് ഇനി ഒരു ലോക ഫുട്ബാൾ എത്തില്ല എന്നതിനാൽ എങ്ങനെയെങ്കിലും ഖത്തറിലെത്താൻ ഫുട്ബാൾപ്രേമികൾ ഒരുങ്ങുകയാണ്.
വിമാനമാർഗം പോകുന്നവർക്ക് മുൻകാലങ്ങളിൽ യാത്ര ചെയ്തിരുന്നതുപോലെതന്നെ ഖത്തറിലെത്താം. എന്നാൽ, വിമാനനിരക്കിൽ വലിയ വർധനയാണെന്നതിനാൽ സ്വന്തം വാഹനത്തിൽ യാത്രക്കൊരുങ്ങുകയാണ് പലരും. വാഹനങ്ങൾ സൗദി, ഖത്തർ അതിർത്തിയിൽ നിർത്തിയിട്ട് ബസിൽ ഖത്തറിൽ പ്രവേശിക്കാം. ഖത്തറിലേക്ക് സ്വന്തം വാഹനങ്ങളുമായി പ്രവേശിക്കുന്നവർ 12 മണിക്കൂർ മുമ്പ് ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് വഴി അനുമതിക്ക് അപേക്ഷിക്കണം. നേരിട്ട് വാഹനവുമായി പ്രവേശിക്കണമെങ്കിൽ പ്രത്യേക ഫീസും അടക്കണം. സൗദി, ഖത്തർ എന്നിവയുടെ വിസ നടപടികളും പൂർത്തിയാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.