ഭിന്നശേഷിയുള്ളവര്‍ക്കുള്ള സ്ഥലത്ത് പാര്‍ക്കിങ്: പിഴ പത്തിരട്ടിയാക്കുമെന്ന്

കുവൈത്ത് സിറ്റി: രാജ്യത്ത് ഭിന്നശേഷിയുള്ളവര്‍ക്കായി സംവരണംചെയ്ത സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ ഒടുക്കേണ്ട പിഴ പത്തിരട്ടിയാക്കാന്‍ ആലോചനയുള്ളതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ശാഹിദ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഈ കുറ്റത്തിന് 10 ദീനാറാണ് പിഴ. 
ഇത് 100 ദീനാറാക്കാനാണ് ആലോചന. ഇതടക്കം എല്ലാ ഗതാഗതനിയമ ലംഘനത്തിന്‍േറയും പിഴ 2017 ജനുവരി മുതല്‍ വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ പോലുള്ള നിയമലംഘനങ്ങളിലേര്‍പ്പെടുന്നവരുടെ ലൈസന്‍സ് മരവിപ്പിക്കുകയും വാഹനം കണ്ടുകെട്ടുന്നതുള്‍പ്പെടെ കടുത്ത നടപടികള്‍ക്കാണ് നീക്കം നടക്കുന്നത്. കരടുനിര്‍ദേശമനുസരിച്ച് അശ്രദ്ധമായി വാഹനമോടിച്ചാല്‍ 150 ദീനാര്‍ പിഴ ഒടുക്കേണ്ടിവരും. വാഹനം മൂന്നുദിവസം കണ്ടുകെട്ടാനും ഗതാഗതവകുപ്പിന്‍െറ കരടുനിര്‍ദേശത്തില്‍ ശിപാര്‍ശ ചെയ്യുന്നു. 
പുതിയ പാര്‍ലമെന്‍റ് രൂപവത്കരിക്കപ്പെട്ട് ആദ്യമാസത്തില്‍ തന്നെ ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് പരിഗണനക്ക് വരും. മന്ത്രിസഭയുടെയും പാര്‍ലമെന്‍റിന്‍െറയും അനുമതി ലഭിച്ചാല്‍ ജനുവരി മുതല്‍ പുതിയ പിഴ പ്രാബല്യത്തില്‍ വന്നേക്കും. അലക്ഷ്യമായി വണ്ടി നിര്‍ത്തിയിട്ട് നിരത്തുകളില്‍ ഗതാഗതക്കുരുക്കുണ്ടാക്കിയാല്‍ വാഹനത്തിന്‍െറ നമ്പര്‍പ്ളേറ്റ് കണ്ടുകെട്ടുന്ന നിയമം കഴിഞ്ഞമാസം പ്രാബല്യത്തിലായിരുന്നു. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ നമ്പര്‍ പ്ളേറ്റ് ഊരുകയും ടയറിന്‍െറ കാറ്റൊഴിച്ചുവിടുകയും ചെയ്തു. 
അതിനിടെ, ഗതാഗത വകുപ്പ് നടത്തിയ റെയ്ഡില്‍ ആറു ഗവര്‍ണറേറ്റുകളില്‍നിന്നായി ലൈസന്‍സില്ലാതെ വാഹനമോടിച്ച 100 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇവരെ നാടുകടത്താനായി ബന്ധപ്പെട്ട വകുപ്പിലേക്ക് മാറ്റി. 
 
Tags:    
News Summary - Parking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.