കുവൈത്ത് സിറ്റി: ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ കുവൈത്തിലെത്തുന്ന ഇന്ത്യൻ സംഘം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്ത്വങ്ങളുമായി കൂടിക്കാഴ്ചകൾ നടത്തും. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതക്കെതിരായ ഇന്ത്യയുടെ ഏകീകൃതവും അചഞ്ചലവുമായ നിലപാട് ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെയുള്ള നയതന്ത്ര ഇടപെടലിന്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദർശനം.
കുവൈത്ത് ഗവൺമെന്റിലെ മുതിർന്ന വിശിഷ്ട വ്യക്തികൾ, സിവിൽ സമൂഹത്തിലെ പ്രമുഖർ, ചിന്തകർ, മാധ്യമങ്ങൾ, ഇന്ത്യൻ പ്രവാസികൾ എന്നിവരുമായി പ്രതിനിധി സംഘം സംവദിക്കും. ബി.ജെ.പി എം.പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പാർലമെന്റ് അംഗങ്ങൾ, മുൻ മന്ത്രി, മുൻ വിദേശകാര്യ സെക്രട്ടറി എന്നിവർ ഉൾപ്പെടുന്നു.
നിഷികാന്ത് ദുബെ (ബി.ജെ.പി), ഫാങ്നോൺ കൊന്യാക് എം.പി (ബി.ജെ.പി), രേഖ ശർമ എം.പി (ബി.ജെ.പി), അസദുദ്ദീൻ ഉവൈസി എം.പി (എ.ഐ.എം.ഐ.എം), സത്നാം സിങ് സന്ധു എം.പി, മുൻ മന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, നയതന്ത്ര വിദഗ്ധൻ ഹർഷ് ശ്രിംഗള എന്നിവരാണ് സംഘത്തിലുള്ളവർ. നാല് രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെട്ട സംഘമാണിത്. ബഹ്റൈൻ സന്ദർശനം പൂർത്തിയാക്കിയാണ് കുവൈത്തിലെത്തുന്നത്. കുവൈത്ത് സന്ദർശന ശേഷം സംഘം 27ന് സൗദിയിലേക്കും പോകും. 30-ന് സംഘം അൾജീരിയയിലേക്ക് തിരിക്കും. ഓരോ രാജ്യത്തും രണ്ട് ദിവസം വീതമാണ് സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.