കുവൈത്ത് സിറ്റി: ആശുപത്രികൾക്ക് മുന്നിലുള്ള അനധികൃത പാർക്കിങ്ങുകൾക്കെതിരെ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു. ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുകയും ഗതാഗത അച്ചടക്കം ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ട്രാഫിക് വകുപ്പാണ് കാമ്പയിന് തുടക്കമിട്ടത്. ആശുപത്രികളിലേക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കുന്ന തരത്തിൽ പ്രവേശന കവാടങ്ങളിലെ തടസ്സം ഒഴിവാക്കുകയാണ് ലക്ഷ്യം.
അടിയന്തര വാഹനങ്ങൾക്ക് അനുവദിച്ച പാതകളിലും പാർക്കിങ് സഥലത്തും നിയമവിരുദ്ധമായി നിർത്തിയിടുന്ന വാഹനങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അനധികൃത പാർക്കിങ് മൂലം രോഗികൾക്കും അടിയന്തര സേവന വാഹനങ്ങൾക്കും ഗതാഗത തടസ്സം നേരിടുന്നതായി ട്രാഫിക് വകുപ്പ് അറിയിച്ചു.
ഗതാഗത നിയമത്തിലെ ചട്ടം 207 അനുസരിച്ച് ഇത്തരം തടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. ആശുപത്രികളുടെ മുന്നിലുള്ള ഗതാഗതം സുതാര്യമാക്കുന്നതിനായി എല്ലാ ഗവർണറേറ്റുകളിലും കാമ്പയിൻ തുടരുമെന്നും ഡ്രൈവർമാർ നിശ്ചിത പാർക്കിങ് സ്ഥലങ്ങൾ മാത്രം ഉപയോഗിക്കണമെന്നും വകുപ്പ് അഭ്യർഥിച്ചു. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗത ബോധവത്കരണം വർധിപ്പിക്കാനുമുള്ള നടപടികൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.