കുവൈത്ത് സിറ്റി: ഫാർമസ്യൂട്ടിക്കൽ-ആരോഗ്യ നിയന്ത്രണ സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി പുതിയ മന്ത്രിതല തീരുമാനങ്ങൾ പുറത്തിറക്കി. ഇറക്കുമതി ചെയ്യുന്ന മരുന്നുകൾ, മെഡിക്കൽ ഉൽപന്നങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ രജിസ്ട്രേഷനും വിതരണത്തിനും കർശന നിയന്ത്രണം ഇതുവഴി ഉറപ്പാക്കുന്നു.
എല്ലാ മരുന്നുകളും വിൽപനക്ക് മുൻപ് നിർബന്ധമായും ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണം. ഇലക്ട്രോണിക് പരിശോധനയും ഡിജിറ്റൽ സംവിധാനങ്ങളും വ്യാപകമാക്കി നടപടിക്രമങ്ങൾ വേഗത്തിലാക്കാനും തീരുമാനമുണ്ട്.
മരുന്നുകളുടെ തരം അനുസരിച്ച് വ്യത്യസ്ത രജിസ്ട്രേഷൻ പാതകളും സമയപരിധികളും നിശ്ചയിച്ചിട്ടുണ്ട്.
സൗന്ദര്യവർധക ഉൽപന്നങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷൻ ചട്ടക്കൂടും അഞ്ച് വർഷത്തെ സർട്ടിഫിക്കറ്റ് സാധുതയും നടപ്പാക്കും. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തുകയോ റദ്ദാക്കുകയോ ചെയ്യാൻ അധികാരികൾക്ക് അധികാരമുണ്ടാകും.
അതേസമയം, മെഡിക്കൽ, നഴ്സിങ്, അനുബന്ധ ആരോഗ്യപ്രവർത്തകരുടെ ലൈസൻസിങ് സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനവും അംഗീകരിച്ചു. സർക്കാർ-സ്വകാര്യ മേഖലകളിലുടനീളം പ്രഫഷനൽ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമാണ് ഈ നടപടികൾ.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായ ഈ പരിഷ്കാരങ്ങൾ ആരോഗ്യ മേഖലയിലെ പൊതുജന വിശ്വാസം വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.