‘ന്യൂ കുവൈത്ത് 2035’ : സമഗ്ര വികസന പദ്ധതി തയാറാക്കി അധികൃതര്‍

കുവൈത്ത് സിറ്റി: ന്യൂ കുവൈത്ത് 2035 എന്ന പേരിലുള്ള സമഗ്ര പദ്ധതിയുമായി വികസന പാതയില്‍ പുതിയ കാഴ്ചപ്പാട് പ്രഖ്യാപിച്ച് കുവൈത്ത്. കുവൈത്തിനെ സാംസ്കാരികരംഗത്തും വ്യാപാരരംഗത്തും മേഖലയിലെ പ്രധാനകേന്ദ്രമായി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
 ശൈഖ് ജാബിര്‍ കള്‍ചറല്‍ സെന്‍ററില്‍ കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ മന്ത്രിസഭാംഗങ്ങളെയും ഉന്നത ഉദ്യോഗസ്ഥരെയും സാക്ഷിനിര്‍ത്തി പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അസ്സബാഹ് ആണ് പദ്ധതിയുടെ ഒൗദ്യോഗിക പ്രഖ്യാപനം നിര്‍വഹിച്ചത്. 
അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്‍െറ വികസന സങ്കല്‍പങ്ങളുടെ യാഥാര്‍ഥ്യവത്കരണമാണ് ‘ന്യൂ കുവൈത്ത് -2035’ പദ്ധതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2035  ആകുമ്പോഴേക്കും കുവൈത്തിന്‍െറ മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള നിരവധി വികസന പദ്ധതികളാണ് ന്യൂ കുവൈത്ത് 2035ന്‍െറ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. എണ്ണയിതര വരുമാനമാര്‍ഗങ്ങള്‍ കണ്ടത്തെുക, സാമ്പത്തികരംഗം സുസ്ഥിരപ്പെടുത്തുക, യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. ആരോഗ്യരംഗത്തും വ്യവസായിക മേഖലയിലും വളര്‍ച്ച കൈവരിക്കുക തുടങ്ങിയവ ലക്ഷ്യങ്ങളില്‍ ചിലതാണ്. കുവൈത്തിനെ മേഖലയിലെ പ്രധാന സാമ്പത്തികശക്തിയും സാംസ്കാരിക കേന്ദ്രവുമാക്കി മാറ്റുന്നതിനായി വിവിധ മന്ത്രാലയങ്ങള്‍ വ്യത്യസ്തങ്ങളായ വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും.
നിലവില്‍ നിര്‍മാണഘട്ടത്തിലുള്ള സില്‍ക്ക് സിറ്റി, സുബ്ബിയ കോസ്വേ, ബൂബിയാന്‍ കണ്ടൈനര്‍ ഹാര്‍ബര്‍ തുടങ്ങിയ പദ്ധതികള്‍ക്കുപുറമെ കൂടുതല്‍ വന്‍കിട പദ്ധതികള്‍ സ്വകാര്യപങ്കാളിത്തത്തോടെ  നടപ്പാക്കും. രാജ്യത്തെ വിദേശി സാന്നിധ്യത്തില്‍ പത്തു ശതമാനം കുറവുവരുത്തലും പുതിയ വികസന പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. 2030 ആകുമ്പോഴേക്കും ജനസംഖ്യ 60 : 40 എന്ന അനുപാതത്തിലേക്ക് കൊണ്ടുവരുമെന്ന് ചടങ്ങില്‍ പങ്കെടുത്ത തൊഴില്‍ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അസ്സബീഹ് പറഞ്ഞു. 
നിലവില്‍ മൊത്തം ജനസംഖ്യയുടെ 60 ശതമാനം വിദേശികളും 30 ശതമാനം സ്വദേശികളും ആണ്.
 

News Summary - new kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.