അബ്ദുൽ കാദർ

കുവൈത്തിൽ കാണാതായ തൃത്താല സ്വദേശിയെ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ കാണാതായി എന്ന് പരാതി ലഭിച്ച പാലക്കാട്‌ തൃത്താല സ്വദേശി മമ്പുള്ളിഞ്ഞാലിൽ അബ്ദുൽ കാദറിനെ കുവൈത്തിലെ പൊലീസ് സ്റ്റേഷനിൽ കണ്ടെത്തി. സാമൂഹിക പ്രവർത്തകനും പ്രവാസി വെൽഫെയർ കുവൈത്ത് വൈസ് പ്രസിഡന്‍റുമായ ഖലീൽ റഹ്മാൻ സ്​പോൺസറുമായി സംസാരിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. 

ബുധനാഴ്ച വൈകീട്ടോടെയാണ് അബ്ദുൽ കാദറിനെ കാണാതായത്. വിവരം അറിഞ്ഞ ഉടനെ കുവൈത്ത് തൃത്താല കൂട്ടം ഭാരവാഹികളായ എം.കെ. ഗഫൂർ തൃത്താല, നൗഷാദ് ബാബു, അൻവർ എം.കെ എന്നിവർ അന്വേഷണം ആരംഭിച്ചിരുന്നു. ഇവർ അബ്ദുൽ കാദർ ജോലി ചെയ്യുന്ന സ്വദേശി വീട് കണ്ടെത്തിയെങ്കിലും സ്​പോൺസറുമായി സംസാരിക്കാൻ കഴിഞ്ഞില്ല. സ്ഥലത്തെത്തിയ സിറാജ് കടക്കൽ, ഐ.സി.എഫ് പ്രതിനിധി സമീർ പാലക്കാട് എന്നിവരുമായി ചേർന്ന് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനും ശ്രമിച്ചു. എന്നാൽ അബ്ദുൽ കാദറിന്‍റെ സിവിൽ ഐ.ഡി കോപ്പിയോ നമ്പറോ ഇല്ലാത്തതിനാൽ പരാതി നൽകാൻ കഴിഞ്ഞില്ല. 

വെള്ളിയാഴ്ച തൃത്താല കൂട്ടം അംഗങ്ങൾ സ്​പോൺസറെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തു. അബ്ദുൽ കാദർ നാട്ടിൽ പോയി എന്നാണ് മറുപടി കിട്ടിയത്. എന്നാൽ നാട്ടിൽ എത്തിയിരുന്നില്ല.

പിന്നീട് അബ്ദുൽ കാദറിന്‍റെ വിസ കോപ്പിയിൽ നിന്നും ലഭിച്ച സ്പോൺസറുടെ നമ്പറിൽ സാമൂഹിക പ്രവർത്തകനും പ്രവാസി വെൽഫെയർ കുവൈത്ത് വൈസ് പ്രസിഡന്‍റുമായ ഖലീൽ റഹ്മാൻ ബന്ധപ്പെടുകയും വിശദമായി സംസാരിക്കുകയും ചെയ്തു. തുടർന്ന് അബ്ദുൽ കാദർ ഗതാഗത നിയമലംഘനത്തിന് പൊലീസ് സ്റ്റേഷനിൽ ആണെന്ന വിവരം ലഭിക്കുകയായിരുന്നു. 

സ്പോൺസറുടെ സഹായത്തോടെ അബ്ദുൽ കാദറിനെ നേരിട്ട് കാണാനും കേസിൽ നിന്ന് ഒഴിവാക്കാനും അതിന് കഴിഞ്ഞില്ലെങ്കിൽ നാട്ടിലേക്ക് കയറ്റി അയക്കാനുമാണ് ശ്രമം. ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ടീം വെൽഫെയർ കൺവീനർ അബ്ദുൽ വാഹിദ് അറിയിച്ചു.

Tags:    
News Summary - native of Trithala who was missing in Kuwait has been found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.