കുവൈത്ത് സിറ്റി: രാജ്യത്ത് കുടുംബ സന്ദർശന വിസയിൽ എത്തുന്ന സന്ദർശകർക്ക് ഒരു വർഷം വരെ മൾട്ടിപ്പ്ൾ എൻട്രി അനുവദിക്കുന്നത് സന്ദർശനത്തിനൊപ്പം ഉംറ നിർവഹിക്കാൻ ലക്ഷ്യമിടുന്നവർക്ക് ഗുണകരമാകും. ഇത്തരം വിസകളിൽ കുവൈത്തിൽ എത്തിയാൽ അയൽ രാജ്യങ്ങൾ സന്ദർശിച്ച് വീണ്ടും കുവൈത്തിലേക്ക് തിരികെ എത്താം. ഇത് ഉപയോഗപ്പെടുത്തി സന്ദർശകർക്ക് കുറഞ്ഞ ചെലവിൽ ഉംറ നിർവഹിച്ച് മടങ്ങിവരാനാകും. നാട്ടിൽനിന്ന് നേരിട്ട് സൗദിയിൽ എത്തുന്നതിനേക്കാൾ കുവൈത്തിൽനിന്ന് പോയിവരുന്നത് ലാഭകരമാണ്.
കുവൈത്തിൽനിന്ന് റോഡുമാർഗം എളുപ്പത്തിൽ മക്കയിലും മദീനയിലും എത്താനാകും. ഇത് ചുരുങ്ങിയ ദിവസങ്ങളിൽ സ്വന്തം വാഹനത്തിൽ തന്നെ ബന്ധുക്കളെ കർമങ്ങൾ പൂർത്തിയാക്കി തിരികെ കൊണ്ടുവരാൻ സഹായിക്കും. കുവൈത്തിൽനിന്ന് വിവിധ സംഘടനകൾ നടത്തുന്ന ഉംറ പാക്കേജും സന്ദർശകർക്ക് ഉപയോഗപ്പെടുത്താൻ കഴിയും.
ബന്ധുക്കളെ സന്ദർശിക്കുന്നതിനൊപ്പം പലരും ഇപ്പോൾ സൗദി യാത്രകൂടി ലക്ഷ്യമിടുന്നുണ്ട്. നാട്ടിൽനിന്ന് ഉംറ വിസ എടുത്ത് കുവൈത്തിലേക്ക് വരുന്നവരുമുണ്ട്. കുവൈത്തിൽ എത്തി മറ്റു രാജ്യങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർക്കും മൾട്ടിപ്പ്ൾ എൻട്രി വിസ ആശ്വാസമാണ്. കുവൈത്തിൽനിന്ന് മിക്ക രാജ്യങ്ങളിലേക്കും നേരിട്ട് വിമാനമുണ്ട് എന്നതും യൂറോപ്യൻ രാജ്യങ്ങൾ അടക്കം സന്ദർശിക്കുന്നവർക്ക് വലിയ ഗുണം ചെയ്യും.
ഈ മാസം ആദ്യത്തിലാണ് പ്രവാസികൾക്ക് ആഹ്ലാദം പകർന്ന് കുവൈത്തിൽ കുടുംബസന്ദർശന വിസ നിയമങ്ങൾ ലഘൂകരിച്ചത്. മൂന്നു മാസം, ആറു മാസം, ഒരു വർഷം എന്നിങ്ങനെ ഇപ്പോൾ കുടുംബസന്ദർശന വിസകൾ ലഭിക്കും. സിംഗിൾ എൻട്രി, മൾട്ടിപ്പ്ൾ എൻട്രി സൗകര്യവും ഈ വിസകളിൽ ഉണ്ട്. ഒരു മാസത്തേക്ക് മൂന്നു ദീനാറും ആറു മാസത്തേക്ക് ഒമ്പതു ദീനാറും ഒരു വർഷത്തേക്ക് 15 ദീനാറുമാണ് വിസ ഫീസ്. സന്ദർശകർക്ക് ആവശ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കാം. അപേക്ഷകൾ ഓൺലൈൻ ആയാണ് സമർപ്പിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.