മുബാറക് അൽ കബീർ തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് കുവൈത്തും ചൈനയും കരാറിൽ ഒപ്പുവെക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിന്റെ വികസനത്തിൽ നാഴികക്കല്ലാവുന്ന സ്വപ്ന പദ്ധതികളിലൊന്നായ മുബാറക് അൽ കബീർ തുറമുഖ പദ്ധതിയുടെ പഠനം, രൂപകൽപന, പ്രാരംഭ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട് കുവൈത്തും ചൈനയും കരാറിൽ ഒപ്പുവെച്ചു. കുവൈത്ത് പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ, ചൈന സ്റ്റേറ്റ് കൺസ്ട്രക്ഷൻ ആൻഡ് ട്രാൻസ്പോർട്ട് ലിമിറ്റഡ് വൈസ് പ്രസിഡന്റ് ചെൻ ജോങ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
കുവൈത്തിലെ ചൈനീസ് എംബസി പ്രതിനിധികളും കുവൈത്തിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. കുവൈത്തിനെ ആഗോള സാമ്പത്തിക, വാണിജ്യ കേന്ദ്രമാക്കുന്ന വൻകിട പദ്ധതികളിൽ ചൈനയുടെ പിന്തുണ നിർണായകമാണെന്ന് ഉപ വിദേശകാര്യ മന്ത്രി സമീഹ് ജൗഹർ ഹയാത്ത് പറഞ്ഞു.
കുവൈത്തിന്റെ വടക്കൻ മേഖലയെ സമഗ്ര സാമ്പത്തിക നഗര സംവിധാനമായി വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന പദ്ധതിയാണ് മുബാറക് അൽ കബീർ തുറമുഖം. വിഷൻ 2035 വികസന ദർശനത്തിലെ പ്രധാന പദ്ധതികളിലൊന്നാണ് മുബാറക് അൽ കബീർ തുറമുഖം. രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക വികസനത്തിൽ പദ്ധതി നിർണായക സംഭാവന അർപ്പിക്കും. സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവത്കരണം, വടക്കൻ മേഖലയുടെ വികസനം, ജി.ഡി.പി വർധിപ്പിക്കൽ, എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കൽ എന്നീ ലക്ഷ്യങ്ങൾക്ക് കരുത്ത് പകരുന്ന പദ്ധതിയാണ് മുബാറക് അൽ കബീർ തുറമുഖം.
കുവൈത്തിന്റെ വടക്കൻ തീരത്ത് ബുബിയാൻ ദ്വീപിൽ ഇറാഖ് അതിർത്തിക്കടുത്താണ് തുറമുഖ നിർമാണം.100 കോടി ദീനാറാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. വിപുലവും അത്യാധുനികവുമായ സൗകര്യങ്ങളാണ് മുബാറക് അൽ കബീർ തുറമുഖം വിഭാവനം ചെയ്തിരിക്കുന്നത്.
അതുകൊണ്ടുതന്നെ തുറമുഖം പ്രവർത്തനം തുടങ്ങുമ്പോൾ ഇതുവഴിയുള്ള ചരക്കുനീക്കത്തിന്റെ ഇടത്താവളമായി മുബാറക് അൽ കബീർ തുറമുഖം മാറുമെന്നാണ് പ്രതീക്ഷ. നിർമാണ ഘട്ടത്തിലും തുടർന്നും നിരവധി തൊഴിൽ സൃഷ്ടിക്കപ്പെടുന്നതിന്റെ ഗുണം രാജ്യത്തെ വിദേശി സമൂഹത്തിനും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.