കുവൈത്ത് സിറ്റി: പാർലമെൻറ് കൈയേറ്റ കേസിലുൾപ്പെട്ട മുഴുവൻ പ്രതികൾക്കും മാപ്പുനൽകുന്ന തരത്തിൽ നിയമനിർമാണമാവശ്യപ്പെട്ട് കരട് നിർദേശം. പാർലമെൻറ് അംഗങ്ങളായ ഡോ. ആദിൽ അൽ ദംഹി, ഉമർ അൽ തബ്തബാഇ, അലി അൽദഖ്ബാസി, അൽ ഹുമൈദി അൽ സുബൈഇ, ഉസാമ അൽ ഷാഹീൻ എന്നിവർ ചേർന്നാണ് കരട് നിർദേശം സമർപ്പിച്ചത്. 2011 നവംബർ 16, 17 തീയതികളിൽ പാർലമെൻറ് കൈയേറ്റമായി രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുകയും അതിലുൾപ്പെട്ടവർക്ക് പൊതുമാപ്പ് നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. കേസുമായി ബന്ധപ്പെട്ട് ഇതിനകം വിവിധ കോടതികളിൽനിന്നുണ്ടായ വിധികൾക്ക് നിയമസാധുത ഇല്ലാതാക്കണമെന്നും നിർദേശമുണ്ട്.
നിർദേശം പാർലമെൻറിലെ നിയമകാര്യ സമിതി പരിഗണിക്കുകയും തുടർന്ന് പാർലമെൻറിൽ അവതരിപ്പിച്ച് അംഗീകാരം നേടുകയും ചെയ്യേണ്ടതുണ്ട്. ഭൂരിപക്ഷം അംഗങ്ങൾ നിർദേശം അംഗീകരിച്ചാൽ മന്ത്രിസഭയാണ് പിന്നീട് നിയമനിർമാണം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്. നിലവിൽ അപ്പീൽ കോടതി വിധിയെ തുടർന്ന് തടവിലായിരുന്ന പാർലമെൻറ് കൈയേറ്റക്കേസിലെ മുഴുവൻ പ്രതികൾക്കും സുപ്രീം കോടതിയിൽനിന്ന് ജാമ്യം ലഭിച്ചിട്ടുണ്ട്. സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. പുതിയ സാഹചര്യത്തിൽ സുപ്രീം കോടതിയിൽനിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കിലും എം.പിമാരുടെ കരട് നിർദേശം പരിഗണിക്കപ്പെടുകയാണെങ്കിൽ പ്രതികൾക്ക് തുണയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.