കുവൈത്ത് സിറ്റി: രാജ്യത്തെ വൈദഗ്ധ്യമില്ലാത്ത പ്രവാസികളുടെ എണ്ണം കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. അവിദഗ്ധ തൊഴിലാളി വ്യാപനം തടയുന്നതിനുള്ള നടപടികൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
രാജ്യത്തെ വിദേശികളില്‍ നല്ലൊരു പങ്കും അവിദഗ്ധ തൊഴിലാളികളാണ്. വിദേശികളായ അവിദഗ്ധ തൊഴിലാളികളുടെ അനിയന്ത്രിതമായ വരവ് ജനസംഖ്യ വർധനക്ക് കാരണമാവുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദേശി നിയമനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയും നിലവിലുള്ളവരെ പടിപടിയായി കുറച്ചും രാജ്യത്തെ ജനസംഖ്യ ക്രമീകരിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.
കുവൈത്തിൽ നിലവില്‍ 35 ശതമാനം സ്വദേശികളും 65 ശതമാനം വിദേശികളും എന്നതാണ് അനുപാതം. തൊഴില്‍ വിപണിയില്‍ വിദേശി തൊഴിലാളികളെ ആവശ്യമില്ലെങ്കില്‍ അവരുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കിനല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
തൊഴിലാളികളെ കൊണ്ടുവരുന്നതിന് തൊഴിലുടമകള്‍ക്ക് നിശ്ചിത ഫീസ് ചുമത്താനുള്ള നിർദേശവും സര്‍ക്കാര്‍ പരിഗണനയിലുള്ളതായി സൂചനകളുണ്ട്. രാജ്യത്തെ കുറ്റകൃത്യങ്ങള്‍ വർധിക്കാനും അവിദഗ്ധ തൊഴിലാളികളുടെ ആധിക്യം കാരണമാകുന്നുണ്ടെന്നാണ് നിരീക്ഷണം.
നിശ്ചിത കാലത്തേക്കുള്ള സന്ദർശന വിസയിൽ രാജ്യത്തെത്തി തിരികെ പോകാത്തവരും ഒരു വിസയിൽ എത്തി നിയമവിരുദ്ധമായി മറ്റു ജോലികൾ ചെയ്യുന്നവരും രാജ്യത്ത് ഏറെയാണ്. കഴിഞ്ഞ വർഷം കുവൈത്തിൽനിന്ന് 30,000 പ്രവാസികളെ നാടുകടത്തിയിരുന്നു. വിവിധ കുറ്റകൃത്യങ്ങൾ, നിയമ ലംഘനങ്ങൾ, വിസ കാലാവധി കഴിഞ്ഞും കുവൈത്തിൽ കഴിഞ്ഞവർ എന്നിവരാണ് ഇതിൽ ഉൾപ്പെട്ടത്.
ഇന്ത്യക്കാരായ 6,400 പുരുഷന്മാരും 1,700 സ്ത്രീകളും ഇക്കൂട്ടത്തിലുണ്ട്. ഇഖാമ ലംഘകരെ കസ്റ്റഡിയിലെടുക്കുന്നതിനും അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ പിടികൂടുന്നതിനുമായി രാജ്യത്തുടനീളം പരിശോധനാ കാമ്പയിനുകള്‍ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.