കുവൈത്ത് സിറ്റി: വലിയ അളവിൽ പണവും സ്വർണവും പ്രദർശിപ്പിക്കുന്ന വിഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തയാൾ പിടിയിൽ. അജ്ഞാത ഉറവിടമുള്ള ഫണ്ടുകളെ പ്രോത്സാഹിപ്പിക്കൽ, നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ പൊതുജനങ്ങളെ വശീകരിക്കാൻ ശ്രമം എന്നിവയെ തുടർന്നാണ് നടപടി.
ആന്റി ഫിനാൻഷ്യൽ ക്രൈംസ് ഡിപ്പാർട്മെന്റും സൈബർ ക്രൈം ഡിപ്പാർട്മെന്റും സംയുക്തമായി നടത്തിയ നീക്കത്തിലാണ് അറസ്റ്റ്.സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയൽ, സംശയാസ്പദമായ ഫണ്ടുകൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ എന്നിവയുടെ ഭാഗമായാണ് അറസ്റ്റെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളെയും നിയമനടപടികൾക്കായി അധികാരികൾക്ക് കൈമാറി.
ടെലികമ്യൂണിക്കേഷൻ ദുരുപയോഗം, അധാർമികതക്ക് പ്രേരിപ്പിക്കൽ, വഞ്ചന, സ്വകാര്യതാ ലംഘനം, മനഃപൂർവം സ്വത്തിന് നാശനഷ്ടങ്ങൾ വരുത്തൽ, തെറ്റായ റിപ്പോർട്ടുകൾ സമർപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തി. പ്രതിക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലം ഉള്ളതായും തെളിഞ്ഞു.നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ ദുരുപയോഗം ചെയ്യുന്നവരെ പിടികൂടുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സാമൂഹിക സുരക്ഷക്ക് ഭീഷണിയാകുന്ന ഉള്ളടക്കം അനുവദിക്കില്ലെന്നും മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.